“ഒരു ജ്യേഷ്‌ഠ സഹോദരനായിരുന്നു, അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല..;” ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് സുരേഷ് ഗോപി

October 3, 2022

വലിയ വിടവാണ് കേരള രാഷ്ട്രീയത്തിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഉണ്ടാക്കിയിരിക്കുന്നത്. ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ സർവർക്കും പ്രിയങ്കരനായ നേതാവായിരുന്നു അദ്ദേഹം. ജനകീയനായ നേതാവായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരളമൊന്നാകെ വിതുമ്പുകയാണ്.

ഇപ്പോൾ നടനും മുൻ രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപി കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് തന്റെ ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ പറഞ്ഞ കാര്യങ്ങളാണ് മലയാളികൾക്ക് നൊമ്പരമാവുന്നത്. 25 വർഷത്തോളമായി അദ്ദേഹവുമായി താൻ മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് സുരേഷ് ഗോപി. തനിക്ക് ഒരു ജ്യേഷ്‌ഠ സഹോദരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയാണുണ്ടാക്കുന്നത്.

തന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കളുടെയും സഹധർമ്മിണിയുടെയും ഒപ്പം അദ്ദേഹത്തെ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന മലയാളി സമൂഹത്തിന്‍റെയും വേദനയിൽ താൻ പങ്കുചെരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പത്ത് ദിവസം മുൻപ് ചെന്നൈയിൽ പോയപ്പോൾ അദ്ദേഹത്തെ ഹോസ്‌പിറ്റലിൽ പോയി കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ നടന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പയ്യാമ്പലം കടൽത്തീരത്താണ് കേരളീയരുടെ പ്രിയ നേതാവിന്റെ അന്ത്യവിശ്രമം. ഭൗതിക ശരീരം തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ്. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനു​ഗമിച്ചിരുന്നു.

Read More: കോടിയേരി ബാലകൃഷ്‌ണന്റെ സംസ്ക്കാരച്ചടങ്ങ്; പ്രസംഗം അവസാനിപ്പിക്കാനാവാതെ വിതുമ്പി കരഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

കോടിയേരിക്കായി പയ്യാമ്പലത്ത് സ്മൃതിമണ്ഡപം പണിയുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.

Story Highlights: Suresh gopi remembers kodiyeri balakrishnan in fb live video