കോടിയേരി ബാലകൃഷ്‌ണന്റെ സംസ്ക്കാരച്ചടങ്ങ്; പ്രസംഗം അവസാനിപ്പിക്കാനാവാതെ വിതുമ്പി കരഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

October 3, 2022

മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്‌ണൻ ഓർമ്മയായി. പയ്യാമ്പലം കടൽത്തീരത്താണ് കേരളീയരുടെ പ്രിയ നേതാവിന്റെ അന്ത്യവിശ്രമം. ഭൗതിക ശരീരം തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ്. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനു​ഗമിച്ചിരുന്നു.

ഇപ്പോൾ ചടങ്ങിൽ കോടിയേരിയെ അനുസ്‌മരിച്ചുള്ള പ്രസംഗത്തിൽ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പി കരഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻറെ ദൃശ്യങ്ങളാണ് മലയാളികൾക്ക് നൊമ്പരമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് പറയുകയാണ് മുഖ്യമന്ത്രി. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്.

ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടെന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാർക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങൾ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More: മോഹൻലാൽ നായകനാകുന്ന ‘റാം’ സിനിമയിൽ ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർ പീറ്റർ പെഡ്രേറോയും..

കോടിയേരിക്കായി പയ്യാമ്പലത്ത് സ്മൃതിമണ്ഡപം പണിയുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.

Story Highlights: Pinarayi vijayan emotional during kodiyeri balakrishnan funeral