കുട്ടി ക്രിക്കറ്റിന്റെ എട്ടാം പതിപ്പിന് തുടക്കം..
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഗീലോങ്ങില്‍ നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ടി20 മത്സരങ്ങൾക്ക് തുടക്കമായി. നവംബര്‍ 13ന് മെല്‍ബണിലെ ഫൈനല്‍ മത്സരത്തോടെ പോരാട്ടം അവസാനിക്കും. ആവേശക്കാഴ്ചകളുടെ അത്യുന്നതയെ തൊടുന്ന പോരാട്ടങ്ങളാകും ഓസ്ട്രേലിയയിലെ വേഗമേറിയ പിച്ചുകളിലെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
അട്ടിമറിയോടെയാണ് ലോകകപ്പ് ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങിയത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ശ്രീലങ്ക, നമീബിയയോട് ദയനീയ പരാജയമേറ്റുവാങ്ങി. 8 ടീമുകൾ പങ്കെടുക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം 4 ടീമുകളാണ് സൂപ്പര്‍ 12-ലെ ലോക പോരാട്ടത്തിന് കളത്തിലിറങ്ങുക. ‘സൂപ്പര്‍ 12’ മത്സരങ്ങൾ ഒക്ടോബര്‍ 22ന് ആരംഭിക്കും. കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ വന്ന ഓസ്‌ട്രേലിയയും ന്യൂസിലാൻഡുമാണ് സൂപ്പർ 12 ന്റെ ആദ്യ മത്സരത്തിലേറ്റുമുട്ടുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനുമായി ഒക്ടോബര്‍ 23നാണ്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ സങ്കടകരമായ ഓർമകളുടെ മുറിവുണക്കാൻ തയ്യാറായി തന്നെയാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുക. 2007 ലെ പ്രഥമ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ഒരിക്കൽ മാത്രം ഫൈനലിൽ കടന്ന ഇന്ത്യയ്ക്ക് കിരീട വിജയം അനിവാര്യമാകുകയാണ്.
15 വർഷം മുൻപാരംഭിച്ച ടി20 ലോകകപ്പിലെ ആദ്യ പതിപ്പിൽ കളിച്ച നാലുതാരങ്ങൾ ഇത്തവണ മത്സരിക്കാനെത്തുന്നുണ്ട്. ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, ഷാക്കിബ് അല്‍ ഹസന്‍, സീന്‍ വില്യംസ് എന്നി താരങ്ങളാണ് ആദ്യ പതിപ്പിലെ ഓർമകളുമായി ഓസ്‌ട്രേലിയയിൽ ഇറങ്ങുന്നത്.
Read also: കസേരകളിക്ക് മണിയടിച്ചതാണ്, അംഗനവാടി വിട്ടതല്ല..; ചിരിപടർത്തി ഒരു കൂട്ടയോട്ടം
കഴിഞ്ഞ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ചില പുതിയ നിയമങ്ങള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന പുതിയ കളി നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ഓവര്‍ റേറ്റ് കൊണ്ട് കളി വൈകിയാൽ ടീമുകള്‍ക്ക് ഫീല്‍ഡിങ് പെനാല്‍റ്റി ലഭിക്കും എന്ന നിയമം ടീമുകളുടെ വിജയങ്ങളിൽ നിർണായകമാകാൻ സാധ്യത കൂടുതലാണ്. മങ്കാദിങ്ങ് റൺ ഔട്ട് ആയി പരിഗണിക്കുന്ന ആദ്യ ടി 20 ലോകകപ്പ് കൂടിയാണിത്.
Story highlights- t20 world cup 2022 started