‘കുഞ്ഞിരാമായണം തൊട്ട് എനിക്ക് തന്നത് തിരിച്ചു കിട്ടിയല്ലോ നിനക്ക് രാജേഷേ..’- ബേസിലിനെ ട്രോളി അജു വർഗീസ്

November 3, 2022

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ജയ ജയ ജയ ജയഹേ’. ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ തിയേറ്ററിൽ വലിയ കയ്യടിയാണ് നേടുന്നത്. പ്രശംസയ്ക്കിടയിൽ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയ അജു വർഗീസിന്റെ രസകരമായ ഒരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ദർശനയ്ക്കും ബേസിലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജു വർഗീസ് കുറിച്ചിരിക്കുന്നത്.

‘കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി… ഇതിൽ എല്ലാം കൂടെ എനിക്ക് തന്നത് തിരിച്ചു കിട്ടിയല്ലോ നിനക്ക് രാജേഷേ..’. ഇതിന് വളരെ രസകരമായ കമന്റുമായി ബേസിൽ ജോസഫ് എത്തി. ‘പ്രഭാകരാ !!! ‘കർമ്മ ഈസ് എ ബിച്ച്’ എന്ന് പറഞ്ഞപ്പോ ഇത്രയും ബിച്ച് ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല!’. അതേസമയം, വേറിട്ടൊരു വിഷയം കൈകാര്യം ചെയ്ത ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’.

വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാൻ-എ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. ലക്ഷ്മി വാര്യർ ,ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം ദർശന വേഷമിട്ട ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’.

മലയാള സിനിമയിലെ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ. മായാനദി എന്ന ചിത്രത്തിൽ ഒരു മനോഹരമായ ബോളിവുഡ് ഗാനം ആലപിച്ചും അഭിനയിച്ചുമാണ് ദർശന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയവും സ്വന്തം പേരിലുള്ള ഗാനവും നടിക്ക് കൂടുതൽ ജനപ്രീതി സമ്മാനിച്ചു. 

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

തിയേറ്റർ ആർട്ടിസ്റ്റായ ദർശന മലയാളത്തിൽ ഏറ്റവുമൊടുവിൽ വേഷമിട്ടത് ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിലാണ്. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിൽ നായകനായത്. 

Story highlights- aju varghese about jaya jaya jaya jaya hey