ജയസൂര്യയുടെ കത്തനാരിന് വേണ്ടിയൊരുങ്ങുന്നത് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിംഗ് ഫ്ലോർ
ജയസൂര്യയെ നായകനാക്കി ‘ഹോം’ സിനിമയിലൂടെ പ്രശസ്തനായ റോജിൻ തോമസ് ഒരുക്കുന്ന ചിത്രമാണ് ‘കത്തനാർ.’ കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാർ ഏഴോളം ഇന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
‘കത്തനാരി’ന്റെ ചിത്രീകരണത്തിനായി കൂറ്റന്‍ മോഡുലാര്‍ ഷൂട്ടിങ് ഫ്ളോറാണ് ഒരുങ്ങുന്നത്. നാല്പതിനായിരം ചതുരശ്ര അടിയിലാണ് ഷൂട്ടിങ് ഫ്ളോര്‍ നിര്‍മിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ളോര്‍ എറണാകുളം ജില്ലയിലാണ് നിര്‍മിക്കുന്നത്. 35 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയത്. രാജ്യത്താദ്യമായാണ് വിര്‍ച്വല്‍ സാങ്കേതിക (VR) വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു ഷൂട്ടിങ് ഫ്ളോര്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. കൊച്ചിയിലെ പൂക്കാട്ടുപടിയിലാണ് ഷൂട്ടിങ് ഫ്ളോറിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
Read More: ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’- ‘സ്ഫടികം’ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
നേരത്തെ ചിത്രത്തെ പറ്റി സംവിധായകൻ റോജിൻ തോമസ് മനസ്സ് തുറന്നിരുന്നു. “ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണ്ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴു ഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീ പ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും” ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സംവിധായകൻ കുറിച്ചു.
Story Highlights: Biggest modular shooting floor in south india for kathanar