‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’- ‘സ്‌ഫടികം’ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

November 29, 2022

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രവും ഹിറ്റ് കഥാപാത്രവുമാണ് സ്ഫടികവും ആടുതോമയും. സംവിധായകന്‍ ഭദ്രന്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. ചിത്രം 28 വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ ദൃശ്യാനുഭവവുമായി ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിയക്കുകയാണ് മോഹൻലാൽ.

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രന്റെത് തന്നെയായിരുന്നു. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് സ്ഫടികം ജോർജ് എന്നാണ് പിന്നീട് അറിയപ്പെട്ടത്.

Read Also: “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു

സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്നും പുതിയ തലമുറക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടിയാണ് ചിത്രം റീറിലീസ് ചെയ്യുന്നതെന്നും ഭദ്രൻ പറഞ്ഞിരുന്നു. താനിതുവരെ ചിത്രം പൂർണമായും കണ്ടിട്ടില്ലെന്നും ആരാധകർ ഏറ്റവും മികച്ചതെന്ന് പറയുമ്പോഴും ചിത്രത്തിൽ പിഴവുകളുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഭദ്രൻ പറഞ്ഞിരുന്നു.

Story highlights- sphadikam movie rerelease announced