“ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു

November 24, 2022

കശ്മീരിന്റെ സൗന്ദര്യം പൂർണമായും ഒപ്പിയെടുത്ത അതിമനോഹരമായ ഒരു മ്യൂസിക് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “ഇഷ്ഖ് ദാരിയ..” എന്ന പ്രണയഗാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രകാശ് അലക്‌സാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. പൂർണമായും ഐഫോണിലാണ് ഈ മ്യൂസിക് വിഡിയോ ഷൂട്ട് ചെയ്‌തിരിക്കുന്നത്‌ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

നഷ്ടമായ തന്റെ പ്രണയിനിയെ തേടി കശ്‍മീരിൽ എത്തുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അയാൾ അവളെ കണ്ടെത്തുന്നുവെങ്കിലും അവൾ തിരിച്ചറിയുന്നില്ല. ഇതയാളെ അസ്വസ്ഥനാക്കുകയും കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും തള്ളിയിടുകയും ചെയ്യുന്നു. തന്റെ അവസാന നിമിഷം വരെ അവളുമായി ഒരുമിച്ച് ചിലവഴിച്ച അവിസ്‌മരണീയ നിമിഷങ്ങൾ അയാൾ വീണ്ടും ജീവിക്കാൻ ശ്രമിക്കുകയാണ്. മനസ്സ് തൊടുന്ന നൊമ്പരപ്പെടുത്തുന്ന ഒരു കഥയാണ് ഈ ഗാനത്തിലൂടെ പറയുന്നത്.

പ്രകാശ് അലക്സ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഫൗസിയ അബൂബക്കറാണ്. രഞ്ജിത് ജയരാമനാണ് അതിമനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മിക്സിങ്ങും മാസ്റ്ററിങ്ങും അംജു പുളിക്കൻ നിർവഹിച്ചിരിക്കുന്നു. ജോസഫും നന്ദനയും ഗാനത്തിൽ അഭിനയിച്ചിരിക്കുന്നു. സൗണ്ട് എഞ്ചിനീയർ: ശ്യാംജിത് വെല്ലോറ, സ്റ്റുഡിയോ: എഐകെഎ, സപ്‌ത റെക്കോർഡ്‌സ്.

Read More: 30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും പുരസ്‌കാരം

ഐഫോൺ 13 പ്രോ മാക്‌സിൽ ഷൂട്ട് ചെയ്‌തിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ അതിമനോഹരമാണ്. അശ്വിൻ കൃഷ്‌ണയാണ് ഈ ഗാനത്തിന്റെ ഛായാഗ്രഹണവും, എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിഐ: സജുമോൻ, സപ്‌ത റെക്കോർഡ്‌സ്, കോസ്‌റ്റ്യുമ്സ്: ഗ്ലാൻസ്, കൊച്ചി, പ്രൊജക്റ്റ് കോർഡിനേറ്റർ: നന്ദന കൃഷ്‌ണ, ഫിനാൻസ് മാനേജർ: സജിത് പി.വൈ.

Story Highlights: Iphone music video goes viral