അടുത്ത സീസണിലും രാജസ്ഥാനിൽ മലയാളി സാന്നിധ്യം; സഞ്ജുവിനൊപ്പം ദേവ്ദത്തും ടീമിൽ തുടരും

November 16, 2022

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ അടുത്ത ഐപിഎൽ സീസണിലും മലയാളി സാന്നിധ്യം ഉണ്ടാവും. ടീമിന്റെ നായകൻ കൂടിയായ സഞ്ജുവിനൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ടാവും. 2023 ലെ ഐപിഎൽ സീസണിൽ താരത്തെ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ. കഴിഞ്ഞ സീസണിൽ 7.75 കോടി രൂപയ്ക്കാണ് പടിക്കല്‍ രാജസ്ഥാനിലെത്തിയത്. സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് താരത്തെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്.

ഇതോടെ സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഈ സീസണിലും ഉണ്ടാവുമെന്ന് ഉറപ്പായി. ടീം ഇന്ത്യക്കായി രണ്ട് ടി 20 മത്സരങ്ങള്‍ കളിച്ച താരത്തിന് 22 റണ്‍സ് മാത്രമേയുള്ളൂ. സഞ്ജു സാംസണിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറെയും രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തുമെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റർ റാസ്സീ വാന്‍ ഡർ ഡസ്സന്‍, ന്യൂസിലന്‍ഡ് ഓൾറൗണ്ട‍ർ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം മുംബൈയുടെ സൂപ്പർ താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. താരത്തെ മുംബൈ ഈ സീസണിൽ ഒപ്പം കൂട്ടാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊള്ളാർഡിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മറ്റൊരു ടീമിന്റെ ഭാഗമായി മുംബൈക്കെതിരെ മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് വിരമിക്കൽ കുറിപ്പിൽ പൊള്ളാർഡ് കുറിച്ചത്. ടീമിൽ ഉണ്ടാവില്ലെങ്കിലും മുംബൈയുടെ ബാറ്റിംഗ് പരിശീലകനായി താരം അടുത്ത സീസണിൽ ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

35 കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. സമ്മർദ്ദഘട്ടത്തിൽ പലപ്പോഴും പൊള്ളാർഡിൻ്റെ ബാറ്റ് ശബ്ദിച്ചിട്ടുണ്ട്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സാണ് പൊള്ളാർഡിൻ്റെ മർദനം കൂടുതൽ ഏറ്റുവാങ്ങിയത്. രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ചത് പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഫീൽഡിലും പൊള്ളാർഡ് തകർപ്പൻ പ്രകടനങ്ങൾ നടത്തി. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളായി പൊള്ളാർഡിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല.

Story Highlights: Devdutt padikkal will remain in rajasthan with sanju samson