സ്റ്റൈൽ മന്നന്റെ പുതിയ അവതാരം; ജയിലറിലെ രജനീകാന്തിന്റെ ഫസ്റ്റ് ഗിംപ്‍സ് പുറത്ത്

November 18, 2022

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടൻ രജനീകാന്തിന്റെ ഫസ്റ്റ് ഗിംപ്‍സ് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. 13 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴത്തെയും പോലെ അപാരമായ സ്‌ക്രീൻ പ്രെസെൻസ് തന്നെയാണ് അദ്ദേഹത്തിനുള്ളത്.

ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്‌ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

ഓഗസ്റ്റ് 22 നാണ് രജനീകാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് തന്നെ റിലീസ് ചെയ്‌തിരുന്നു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Read More: യുവനായികമാർക്കായി ലിസി ഒരുക്കിയ പാർട്ടി- ശ്രദ്ധേയമായി ചിത്രങ്ങൾ

നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ആദ്യ പോസ്റ്റർ പുറത്തു വന്നിരുന്നു. രക്തം പുരണ്ട പകുതി മുറിഞ്ഞ ഒരു വാളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ജൂൺ 17 നാണ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഡോക്‌ടർ വലിയ വിജയമായെങ്കിലും വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയിരുന്നില്ല. എങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Story Highlights: Jailor first glimpse of rajinikanth released