വിക്രത്തിന് ശേഷം വീണ്ടും കമൽ ഹാസനും വിജയ് സേതുപതിയും; എച്ച്. വിനോദ് ചിത്രം അടുത്ത വർഷമാദ്യം

November 17, 2022

വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉലകനായകൻ കമൽ ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. എച്ച്.വിനോദ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അജിത്തും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദ് കമൽ ഹാസൻ ചിത്രമാണ് ചെയ്യുന്നത്. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

അതേ സമയം കൊവിഡിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു കമൽ ഹാസന്റെ ‘വിക്രം.’ പ്രതിസന്ധിയിലായിരുന്ന തിയേറ്റർ വ്യവസായത്തിന് ഒരു പുതിയ ഉണർവാണ് വിക്രം നൽകിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും വിക്രത്തിന്റെ ബോക്‌സോഫീസ് തേരോട്ടം ബാധിച്ചിരുന്നു. കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Read More: ‘ എന്റെ വാക്കുകളെ കേൾക്കാതെ വിട്ടുപോയിരുന്നെങ്കിൽ, ഈ സിനിമ ഉണ്ടാകുമായിരുന്നോ?’ – ശ്രദ്ധനേടി ഭദ്രന്റെ വാക്കുകൾ

പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചത്.. വമ്പൻ വിജയമാണ് തിയേറ്ററുകളിൽ ചിത്രം നേടിയത്. തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം വിക്രം ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി-ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌.

Story Highlights: Kamal hasan and vijay sethupathy new movie