‘എന്താടാ സജി’; കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

November 5, 2022

മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമ ലോകം.

ഇപ്പോൾ ഇരു താരങ്ങളും ഒരു ചിത്രത്തിനായി കൈകോർക്കുകയാണ്. നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. നിവേദ തോമസ് നായികയാവുന്ന ചിത്രത്തിൽ ജയസൂര്യയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അതേ സമയം ‘അജഗജാന്തരം’ സംവിധായകൻ ടിനു പാപ്പച്ചൻ അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് നടൻ കുഞ്ചാക്കോ ബോബനാണ്. ‘ചാവേർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചൻ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

Read More: അപ്പനെ കൊഞ്ചിക്കുന്ന ഇസുക്കുട്ടൻ- സ്നേഹംനിറഞ്ഞൊരു വിഡിയോ

ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ ടിനു പാപ്പച്ചൻ പറഞ്ഞിരുന്നു. ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടാവുമെങ്കിലും തന്റെ മറ്റ് സിനിമകളിലെ പോലെ പൂർണമായും ആക്ഷൻ കേന്ദ്രീകരിച്ചുള്ള ചിത്രമല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അജഗജാന്തരത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരായ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ചാവേറിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിന്റോ ജോർജ്ജ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് വിഭാഗം നിഷാദ് യൂസഫാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കലാസംവിധായകനായി ഗോകുൽ ദാസ് എത്തുന്നു.

Story Highlights: Kunchakko boban and jayasurya movie soon