ഇനി പുരസ്കാരങ്ങൾ നിരത്തിവയ്ക്കാൻ ഇടമായി-നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം

November 25, 2022


ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ദേശീയ പുരസ്കാരവും നേടി. എന്നാൽ, ധാരാളം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടും അവയൊന്നും അടുക്കിവയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. കാരണം, സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട് പോലും നഞ്ചിയമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്.

നഞ്ചിയമ്മയുടെ അവസ്ഥ കണ്ട ഫിലോകാലിയ ഫൗണ്ടേഷൻ ആണ് വീട് പണിതുനൽകിയത്. കഴിഞ്ഞ ദിവസം മുതൽ നഞ്ചിയമ്മ ഇവിടെ താമസവും തുടങ്ങി. പഴയ വീടിന് സമീപത്ത് തന്നെയാണ് പുതിയ വീട് പണിതിരിക്കുന്നത്. കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. അങ്ങനെയാണ് ഗാനങ്ങളും ശ്രദ്ധനേടിയത്.

നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഒരു ഗാനം ശ്രദ്ധ നേടിയപ്പോഴാണ് നഞ്ചിയമ്മയും കയ്യടി നേടിയത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന്റെ വരികള്‍ നഞ്ചിയമ്മയുടേതാണ്. മാത്രമല്ല ഈ വരികള്‍ മനോഹരമായി ആലപിച്ചിരിക്കുന്നതും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും നഞ്ചിയമ്മതന്നെ.

സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.

Read Also: മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു

അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ ‘അഗ്ഗെദ് നായാഗ’ എന്ന ഹ്രസ്വചിത്രത്തിലും നഞ്ചിയമ്മ പാട്ട് പാടിയിരുന്നു. അധ്യാപികയായ സിന്ധു സാജനാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2016-ല്‍ സംസ്ഥന പുരസ്‌കാരം നേടിയ ‘വെളുത്ത രാത്രികള്‍’ എന്ന റാസി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്.

Story highlights- nanjiyamma finally gets new home