മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു

November 14, 2022

മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള കൗതുകമുണർത്തുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇപ്പോൾ ഫ്രിഡ്‌ജിനകത്ത് ചുരുണ്ടു കൂടിയിരിക്കുന്ന ഒരു മൂർഖൻ പാമ്പിനെ വളരെ ശ്രദ്ധാപൂർവ്വം പുറത്തേക്കെടുക്കുന്നതിന്റെ വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. കര്‍ണാടകയിലെ തുമക്കുരു ഗ്രാമത്തിലാണ് സംഭവം.

ഫ്രിഡ്‌ജില്‍ നിന്ന് പാമ്പിനെ തന്ത്രപൂര്‍വം നീക്കം ചെയ്യുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫ്രിഡ്‌ജിന്റെ കംപ്രസറിന്റെ ഭാഗത്തായി ചുരുണ്ടുകൂടിയ നിലയിലാണ് വലിയ മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശീലനം ലഭിച്ച ഒരു പാമ്പുപിടിത്തക്കാരന്‍ വീട്ടിലെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പയ്യെ അനക്കി വലിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ പാമ്പ് നിരവധി തവണ ചീറ്റുന്നതായി പുറത്തെത്തിയ വിഡിയോയിലുണ്ട്. വളരെ സമയമെടുത്താണ് പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ പുറത്തെടുത്തത്. ഒരേ സമയം പാമ്പിന്റെ തലയും വാലും പിടിച്ചുകൊണ്ടാണ് പാമ്പിനെ ഫ്രിഡ്‌ജില്‍ നിന്ന് നീക്കം ചെയ്ത് പ്ലാസ്റ്റിക് ജാറിലേക്ക് മാറ്റിയത്.

നേരത്തെ ഒരു സൂപ്പർ മാർക്കറ്റിൽ ഒരു കരടി കയറി തനിക്ക് ഇഷ്ടമുള്ള മിഠായികൾ എടുത്ത് കൊണ്ട് പോവുന്ന വിഡിയോ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറിയിരുന്നു. കാലിഫോർണിയയിലാണ് സംഭവം നടന്നത്. സൂപ്പർ മാർക്കറ്റിലെ കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസണാണ് ഈ ദൃശ്യം ക്യാമറയിലാക്കിയത്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

കരടിയെ കണ്ടപ്പോൾ താൻ ആദ്യം ഞെട്ടിപ്പോയെന്നും പേടിച്ചാണ് ഇരുന്നതെന്നും പറയുകയാണ് ക്രിസ്റ്റഫർ. എന്നാൽ കരടി എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും മനസ്സിലായതോടെ തന്റെ പേടി മാറിയെന്നും ക്രിസ്റ്റഫർ കിൻസൺ കൂട്ടിച്ചേർത്തു. രണ്ട് മൂന്ന് തവണ കരടി കടയിലേക്ക് കയറുകയും കാൻഡികൾ എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. പക്ഷെ കടയിൽ ഒരു തരത്തിലുമുള്ള നാശ നഷ്‌ടങ്ങളും കരടി ഉണ്ടാക്കുന്നില്ല.

Story Highlights: Cobra video goes viral