ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

September 20, 2022

പലപ്പോഴും മൃഗങ്ങളുടെ രസകരമായ വിഡിയോകളൊക്കെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്. വലിയ താൽപര്യത്തോടെയാണ് ആളുകൾ അത്തരം വിഡിയോകൾ കാണുന്നതും പങ്കുവെയ്ക്കുന്നതും. ഇപ്പോൾ ഒരു കരടിയുടെ വിഡിയോയാണ് ആളുകളിൽ കൗതുകമുണർത്തുന്നത്.

ഒരു സൂപ്പർ മാർക്കറ്റിൽ കരടി കയറി തനിക്ക് ഇഷ്ടമുള്ള മിഠായികൾ എടുത്ത് കൊണ്ട് പോവുകയാണ്. കാലിഫോർണിയയിലാണ് സംഭവം നടക്കുന്നത്. സൂപ്പർ മാർക്കറ്റിലെ കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസണാണ് ഈ ദൃശ്യം ക്യാമറയിലാക്കിയിരിക്കുന്നത്.

കരടിയെ കണ്ടപ്പോൾ താൻ ആദ്യം ഞെട്ടിപ്പോയെന്നും പേടിച്ചാണ് ഇരുന്നതെന്നും പറയുകയാണ് ക്രിസ്റ്റഫർ. എന്നാൽ കരടി എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും മനസ്സിലായതോടെ തന്റെ പേടി മാറിയെന്നും ക്രിസ്റ്റഫർ കിൻസൺ കൂട്ടിച്ചേർത്തു. രണ്ട് മൂന്ന് തവണ കരടി കടയിലേക്ക് കയറുകയും കാൻഡികൾ എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. പക്ഷെ കടയിൽ ഒരു തരത്തിലുമുള്ള നാശ നഷ്‌ടങ്ങളും കരടി ഉണ്ടാക്കുന്നില്ല.

Read More: “എന്തൊരു കരുതലാണീ ആനയ്ക്ക്..”; ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങി വരുന്ന ആന, വീടിന് കേടു പാടുണ്ടാവാതിരിക്കാൻ അതീവ ശ്രദ്ധ-വിഡിയോ

നേരത്തെ തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

Story Highlights: Bear takes candy from a super market