അന്ധവിശ്വാസങ്ങളെ പുറന്തള്ളുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’; തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ശ്രീനാഥ്‌ ഭാസി ചിത്രം-റിവ്യൂ

November 24, 2022

കേരളത്തിലെ സമകാലീന രാഷ്ട്രീയത്തോടും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളോടുമുള്ള പ്രതികരണമാണ് ശ്രീനാഥ്‌ ഭാസി ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ.’ നവോഥാന മൂല്യങ്ങളെ വിസ്‌മരിച്ച് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത വിശ്വാസങ്ങളുടെ പുറകെ പായുന്ന മലയാളികളെ കണക്കിന് കളിയാക്കുന്ന ചിത്രം ഒരു ക്ലീൻ ഫാമിലി എന്റർറ്റൈനെർ കൂടിയാണ്. രാഷ്ട്രീയവും പ്രണയവും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ നൽകുന്ന സൂചന. തികഞ്ഞ കൈയടക്കത്തോടെയാണ് ചിത്രത്തിന്റെ സംവിധായകനായ ബിജിത് ബാല കഥ അവതരിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തിൽ സജീവമായ ദിനേശൻ എന്ന അധ്യാപകന്റെ കഥയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ.’ കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള ദിനേശൻ ഏവർക്കും പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിക്കുന്ന ഏതൊരു സാധാരണക്കാരനായ യുവാവും നേരിടുന്ന അതേ പ്രശ്‌നങ്ങളൊക്കെ തന്നെയാണ് ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച ദിനേശനും നേരിടുന്നത്. കഥ മുന്നോട്ട് പോകുന്നതിനിടയിൽ ഉണ്ടാവുന്ന നിരവധി സംഭവങ്ങൾ ദിനേശന്റെ കാഴ്ച്ചപ്പാടുകളെയും രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നു. അതിനോടുള്ള അയാളുടെ പ്രതികരണങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കൈയടി അർഹിക്കുന്ന പ്രകടനമാണ് ശ്രീനാഥ്‌ ഭാസി കാഴ്ച്ചവെച്ചിരിക്കുന്നത്.

ദിനേശൻ പ്രണയിക്കുന്ന രേണുക എന്ന കഥാപാത്രത്തെയാണ് ആൻ ശീതൾ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും മനോഹരമായ ഭാഗമാണ് ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും ഒന്നിക്കുന്ന പ്രണയരംഗങ്ങൾ. ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമ്പോൾ അമ്പരപ്പിക്കുന്ന മികവോടെയാണ് മാമുക്കോയയും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ യൗവനം അവതരിപ്പിച്ച രാജേഷ് മാധവും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും രംഗങ്ങൾക്ക് വലിയ കൈയടിയാണ് തിയേറ്ററിൽ ലഭിക്കുന്നത്.

Read More: 30ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും പുരസ്‌കാരം

കേരളത്തിന്റെ ഗ്രാമീണ ഭംഗിയും അഭിനേതാക്കളുടെ സൂക്ഷ്‌മമായ അഭിനയ മുഹൂർത്തങ്ങളും വിഷ്ണു പ്രസാദിന്റെ ക്യാമറ അതിമനോഹരമായി ഒപ്പിയെടുക്കുമ്പോൾ രണ്ടേമുക്കാൽ മണിക്കൂറോളം നീളമുള്ള കഥ ഒട്ടും ലാഗ് അനുഭവിപ്പിക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കിരൺ ദാസിന്റെ എഡിറ്റിംഗ് നിർണായക പങ്കാണ് വഹിക്കുന്നത്. ഷാൻ റഹ്‌മാന്റെ മനോഹരമായ പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒട്ടും പിരിമുറുക്കമില്ലാതെ ചിരിക്കാനും അൽപം ചിന്തിക്കാനും അവസരം നൽകുന്ന മനോഹരമായ ഒരു ദൃശ്യാനുഭവം തന്നെയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ.’

Story Highlights: Padachone ingale katholi movie review