മലയാളികളുടെ സ്വന്തം ‘ബേബി ശാലിനി’ നാല്പത്തിമൂന്നാം വയസിലേക്ക്- ആഘോഷമാക്കി അജിത്ത്
മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ തന്നെ തരംഗമായി മാറിയതാണ് ശാലിനി. മുതിർന്നിട്ടും ബേബി ശാലിനി എന്നുതന്നെയാണ് പ്രേക്ഷകർ പ്രിയ നായികയെ വിളിച്ചത്. ഇത്രയേറെ സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.
തമിഴകത്തിന്റെ പ്രിയതാരം അജിത്തിനെ വിവാഹം കഴിച്ച ശാലിനി ഇപ്പോഴിതാ, നാല്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ശാലിനിക്കായി വിപുലമായ ആഘോഷങ്ങളാണ് അജിത്തും ശാലിനിയുടെ കുടുംബാംഗങ്ങളും മക്കളും ചേർന്ന് ഒരുക്കിയത്. പിറന്നാൾ ചിത്രങ്ങൾ ശാലിനിയുടെ സഹോദരൻ റിച്ചാർഡ് പങ്കുവെച്ചിട്ടുണ്ട്.
ബേബി ശാലിനിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച് തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.
ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും. ശാലിനിയുടെ പിറന്നാളുകൾ തമിഴ്നാട്ടിലെ ആരാധകർ ആഘോഷമാക്കാറുണ്ട്.
തമിഴ്നാട്ടിലെ ചുവരുകൾ നിറയെ ശാലിനിയുടെ ഛായാചിത്രങ്ങളൊരുക്കിയാണ് ആഘോഷിക്കാറുള്ളത്. അജിത്തും ശാലിനിയും ഒന്നിച്ചുള്ളതും മക്കൾക്കൊപ്പമുള്ളതുമായി ഒട്ടേറെ ചിത്രങ്ങളാണ് ആരാധകർ ശാലിനിക്ക് പിറന്നാൾ സ്പെഷ്യലായി ഒരുക്കിയത്.
Story highlights- salini celebrating 43rd birthday