മൂന്നു തലമുറ ഒറ്റ ഫ്രേമിൽ എത്തിയപ്പോൾ- ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് തിലകൻ. നിരവധി സിനിമകളിലൂടെ ജനശ്രദ്ധയാകർഷിച്ച താരം മുഖ്യ കഥാപാത്രമായും വില്ലനായും ഹാസ്യ നടനായുമെല്ലാം അരങ്ങിൽ തകർത്താടി. ഒരായുസു മുഴുവൻ സിനിമയിൽ ജീവിച്ച തിലകന്റെ മക്കളും അഭിനയലോകത്തും സിനിമകളുടെ മറ്റു മേഖലകളിലും സജീവമാണ്. ഇപ്പോഴിതാ, മൂന്നു തലമുറയെ ഒറ്റഫ്രേമിൽ എത്തിച്ച ചിത്രം പങ്കുവയ്ക്കുകയാണ് നടനും മകനുമായ ഷമ്മി തിലകൻ.
തിലകനൊപ്പം ഷമ്മിയും മകൻ അഭിമന്യുവും നിൽക്കുന്ന ചിത്രമാണ് കൊച്ചി സ്വദേശിയായ ഒരു ആരാധകൻ ഷമ്മി തിലകന് സമ്മാനിച്ചത്. ‘നമ്മൾ ഒന്നും നൽകിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങൾ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും…!അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ..!’- ചിത്രത്തിനൊപ്പം ഷമ്മി തിലകൻ കുറിക്കുന്നു.
ശബ്ദം കൊണ്ടും ഭാവം കൊണ്ടും വില്ലൻ വേഷങ്ങൾ അതി മനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഷമ്മി തിലകൻ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷമ്മി തിലകൻ നൃത്തവേദിയിൽ നിന്നുമാണ് എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരില് ഒരാളാണ് ഷമ്മി തിലകന്. വില്ലനായും സഹനടനായുമെല്ലാം ധാരാളം സിനിമകളില്‍ മിന്നും പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ജോജിയിലെ ഷമ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഷമ്മി.
Read Also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ
അതേസമയം, നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1979 ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു.
Story highlights- shammy thilakan about fan’s gift