പിറന്നയുടൻ കടത്തിണ്ണയിൽ ഉപേക്ഷിച്ച് അമ്മ പോയി; ഭിക്ഷാടന മാഫിയയുടെ കൈയ്യിലകപ്പെട്ട ശ്രീദേവിയെ രക്ഷിച്ചത് മമ്മൂട്ടി- ഉള്ളുലയ്ക്കുന്ന അനുഭവകഥ

November 21, 2022

ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഏറ്റവും ഭീതിപ്പെടുത്തിയിരുന്ന സംഭവങ്ങളിൽ ഒന്നായിരുന്നു ഭിക്ഷാടന മാഫിയയുടെ ക്രൂരതകൾ. ദിനംപ്രതിയെന്നോണം ഓരോ വീടുകളിൽ നിന്നും കൊച്ചുകുട്ടികളെ കാണാതാകുന്ന സംഭവങ്ങളും പതിവായിരുന്നു. ആ അവസ്ഥയിൽനിന്നും രക്ഷപ്പെട്ടവർ വിരളമാണ്. അങ്ങനെ രക്ഷപ്പെട്ടവർക്കാകട്ടെ പങ്കുവയ്ക്കാനുള്ളത് പീഡനങ്ങളുടെയും ദൈന്യതയുടെയും ബാല്യകാല കഥകളാണ്. അല്ല, കഥകളെന്ന് പറയുമ്പോൾ അത് മറ്റൊരാൾക്ക് അനുഭവേദ്യമാകണമെന്നില്ല. കാവുശേരി സ്വദേശിനി ശ്രീദേവിയുടെ അനുഭവങ്ങൾ കേട്ടാൽ അത് ആരും നേരിട്ടനുഭവിച്ചതായി തോന്നിപോകും. അത്രയ്ക്ക് ഉഉള്ളുലയ്ക്കുന്ന ജീവിതമാണ് ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ ശ്രീദേവി പങ്കുവയ്ക്കുന്നത്.

കോഴിക്കോട് ജനിച്ച ശ്രീദേവിയെ പിറന്നയുടനെ ഒരു കടത്തിണ്ണയിൽ ഉപേക്ഷിച്ചതാണ് ‘അമ്മ. ആരാണ് അമ്മയെന്നോ അവരെന്തിന് അങ്ങനെ ചെയ്തെന്നോ ശ്രീദേവിക്ക് അറിയില്ല. ആ കടത്തിണ്ണയിൽ നിന്നും ചോരകുഞ്ഞായ ശ്രീദേവിയെ രക്ഷിച്ചത് തങ്കമ്മ എന്ന നാടോടി സ്ത്രീ ആയിരുന്നു. അവർ മക്കളും പേരക്കുട്ടികളുമുള്ള ഒരു സ്നേഹമുള്ള സ്ത്രീയായിരുന്നു. എന്നാൽ, മക്കൾ അങ്ങനെ ആയിരുന്നില്ല. സ്വന്തം മകളെ പോലെ ശ്രീദേവി എന്ന പേരും നൽകി അവർ ഈ കുഞ്ഞിനെ വളർത്തി. എന്നാൽ, അവരടങ്ങുന്ന സംഘം ഒരു ഭിക്ഷാടന മാഫിയ ആയിരുന്നു.

ചെറുപ്പം മുതൽ ഭക്ഷണത്തിന്റെ പേരിലും ഭിക്ഷ കുറയുന്നതിന്റെ പേരിലും ശ്രീദേവിയെ തങ്കമ്മയുടെ മക്കൾ ഉപദ്രവിച്ച് തുടങ്ങി. തമിഴ്നാട്ടിൽനിന്നുള്ള ഒരു സംഘമായിരുന്നു അവർ. തങ്കമ്മ എത്ര എതിർത്തിട്ടും ശ്രീദേവിക്ക് ബീഡി പൊള്ളലുകളിൽ നിന്നോ കമ്പിപ്പാര പഴുപ്പിച്ചുകൊണ്ടുള്ള ഉപദ്രവങ്ങളിൽ നിന്നോ രക്ഷനേടാനായില്ല. ആറുവയസോളം തങ്കമ്മയുടെ മക്കളുടെ മക്കൾക്കും ഒപ്പം ഭിക്ഷയെടുത്താണ് ശ്രീദേവി ജീവിച്ചത്. ഭക്ഷണ അവശിഷ്ടങ്ങൾ പോലും കഴിച്ചാണ് വിശപ്പ് അടക്കിയത്.

മമ്മൂട്ടിയാണ് ശ്രീദേവിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആറാം വയസിൽ ഒരു സിനിമാ ലൊക്കേഷനിൽ ഭിക്ഷാടനത്തിനായി പോയി. പട്ടാളം സിനിമയുടെ സെറ്റായിരുന്നു അത്. വിശന്നിട്ടാണ് സെറ്റിലേക്ക് കയറി ചെന്നത്. മമ്മൂട്ടിയെ കണ്ടപ്പോൾ ‘സാറെ, എനിക്കെന്തെങ്കിലും തരണം;’ എന്ന് പറഞ്ഞു. കൂടെയുണ്ടായിരുന്ന നാടോടി കുട്ടികളിൽ നിന്നും വിഭിന്നമായി തോന്നിയതിനാൽ മമ്മൂട്ടി ശ്രീദേവിയെക്കുറിച്ച് സമീപവാസികളോട് അന്വേഷണം നടത്തി. പൊതുപ്രവർത്തകരിലൂടെ ശ്രീദേവിയെ ഇങ്ങനെ തങ്കമ്മ എടുത്തുവളർത്തിയതെന്നു മമ്മൂട്ടി അറിഞ്ഞു. എന്നാൽ അവർക്കൊന്നും ശ്രീദേവിയെ രക്ഷിക്കാൻ സ്വാധീനമില്ലെന്നും മമ്മൂട്ടി കൂടെ നിന്നാൽ സാധിക്കുമെന്നും അവർ അറിയിച്ചു.

Read Also: നാഗവല്ലി ഓക്കേ ആണ്, രാമനാഥന് മുദ്രകൾ ഇത്തിരി കൂടിപ്പോയെന്നേ ഉള്ളു..- ചിരിപടർത്തി ടീമും ആലീസും

‘എന്തുണ്ടെങ്കിലും ഏറ്റെടുക്കാം, ഞാൻ പറയുന്ന ഹോസ്റ്റലിൽ കുട്ടിയെ കൊണ്ടുചെന്നാക്കണം’ എന്ന നിർദേശം മമ്മൂട്ടി നൽകി. എന്നാൽ, ഇവിടെ തന്നെ ജീവിച്ച് സ്‌കൂളിൽ പഠിക്കണം എന്ന് ശ്രീദേവീ പറഞ്ഞു.എന്നാൽ തമിഴ് മാത്രമറിയുന്ന ശ്രീദേവിയെ എങ്ങനെ പഠിപ്പിക്കണം എന്നതിൽ സ്‌കൂൾ അധികൃതർക്ക് ആശങ്കയായി. ഒടുവിൽ മമ്മൂട്ടി ഇടപെട്ട് ശ്രീദേവിയെ ആലുവ ജനസേവാ കേന്ദ്രത്തിൽ എത്തിച്ചു. പിന്നീട് സുരക്ഷിതത്വമാർന്ന ഒരു ജീവിതമാണ് ശ്രീദേവിക്ക് ആ തണലിൽ ലഭിച്ചത്.

Story highlights- sreedevi’s lifestory

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!