ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി സ്റ്റെഫാനി; ചരിത്ര നിമിഷത്തിന് സാക്ഷിയായി ഖത്തർ
ഇന്നലെ നടന്ന പോളണ്ട്-മെക്സിക്കോ മത്സരം ഒരു ചരിത്ര നിമിഷത്തിനാണ് സാക്ഷിയായത്. ഒരു വനിത റഫറി നിയന്ത്രിക്കുന്ന ആദ്യ പുരുഷ ലോകകപ്പ് മത്സരമായിരുന്നു ഇത്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരം നിയന്ത്രിച്ചത്. മത്സരത്തിൽ അസിസ്റ്റന്റ് റഫറിയായിട്ടാണ് സ്റ്റെഫാനി ഉണ്ടായിരുന്നത്. 2020 ലാണ് ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി സ്റ്റെഫാനി മാറിയത്. 2019, 2020, 2021 വര്ഷങ്ങളില് മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.
മൂന്ന് വനിത റഫറിമാരാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ എത്തിയിരിക്കുന്നത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 2009 മുതൽ ഫിഫ ഇന്റർനാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്.
Read More: തോൽവി 3 വർഷങ്ങൾക്ക് ശേഷം; അർജന്റീനയ്ക്ക് നഷ്ടമായത് അപൂർവ്വ ലോക റെക്കോർഡ്
ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയാകുന്ന ആദ്യ വനിതയായി സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ്, വിമൻസ് ചാമ്പ്യൻസ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമുണ്ട്. 2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ മത്സരങ്ങൾ നിയന്ത്രിച്ച അനുഭവ പരിചയമുണ്ട്. ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.
Story Highlights: Stéphanie Frappart becomes the first woman referee in world cup