വിവിധ തരത്തിലുള്ള തലവേദനയുടെ ലക്ഷണങ്ങളും കാരണങ്ങളും
വളരെ സാധാരണമായി അനുഭവപ്പെടാറുള്ള ഒന്നാണ് തലവേദന. പലതരത്തിലാണ് തലവേദന അനുഭവപ്പെടാറുള്ളത്. ഓരോ വേദനയുടെയും ലക്ഷണങ്ങളും കാരണങ്ങളും വ്യത്യസ്തമായിരിക്കും. ഏത് തരത്തിലുള്ള വേദനയാണ് എന്നത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ സാധിക്കും.
ഭൂരിഭാഗം പേർക്കും ലളിതമായി തന്നെ തലവേദന മാറാറുണ്ട്. ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുനിന്നേക്കാം. പക്ഷേ ആവർത്തിച്ചുള്ള തലവേദന അനുഭവപ്പെട്ടാൽ അത് ഗുരുതരമായ എന്തിനെയെങ്കിലും സൂചനയാകാം. പൊതുവെ എല്ലാവര്ക്കും ഉണ്ടാകാറുള്ള ഒന്നാണ് മൈഗ്രെയ്ൻ, ടെൻഷൻ കൊണ്ടുള്ള തലവേദന എന്നിവ. ഇത് പ്രാഥമികമായ തലവേദനയാണ്.
മൈഗ്രെയ്ൻ ഉള്ള ഒരു വ്യക്തിക്ക് തലയുടെ ഒരു വശത്ത് മാത്രം വേദന അനുഭവപ്പെടും. പ്രകാശം, ശബ്ദം, മണം എന്നിവയോട് ഉയർന്ന സംവേദനക്ഷമത അനുഭവപ്പെടാം. ഓക്കാനം, ഛർദ്ദി എന്നിവയും സാധാരണമാണ്.മൈഗ്രെയ്ൻ തുടങ്ങുന്നതിനുമുമ്പ് മൂന്നിലൊന്ന് ആളുകൾക്ക് ഒരു പ്രഭാവലയം അനുഭവപ്പെടാറുണ്ട്.
പിരിമുറുക്കം കൊണ്ടുള്ള തലവേദന വളരെ സാധാരണമാണ്. മിക്ക ആളുകളും ഇടയ്ക്കിടെ അവ അനുഭവിക്കാറുണ്ട്. തലയുടെ ഇരുവശത്തും അനുഭവപ്പെടുന്ന ചെറിയ തോതിലുള്ള നിരന്തരമായ വേദനയായി അവ അനുഭവപ്പെടുന്നു. മുഖം, തല, കഴുത്ത്, തോളുകൾ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.
ക്ലസ്റ്റർ തലവേദനയാണ് മറ്റൊന്ന്. സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ആറ് മടങ്ങ് കൂടുതലാണ് ക്ലസ്റ്റർ തലവേദന അനുഭവപ്പെടുന്നത്. ഒരു കണ്ണിനു പിന്നിലോ ചുറ്റുവട്ടമോ ഉള്ള തീവ്രമായ അല്ലെങ്കിൽ തുളയ്ക്കുന്ന വേദനയാണ് ക്ലസ്റ്റർ തലവേദന.
കഠിനമായ ശാരീരിക വ്യായാമത്തിലൂടെ യും തലവേദന ഉണ്ടാകാറുണ്ട്. ഭാരം ചുമക്കുകയോ കഠിനമായ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ ഇങ്ങനെയുള്ള വേദന അനുഭവപ്പെടും.
മരുന്ന് അമിതമായി ഉപയോഗിക്കുന്നത്തിലൂടെ ഉണ്ടാകുന്ന തലവേദന വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. പിരിമുറുക്കം കൊണ്ടുള്ള തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ എന്നിവയ്ക്ക് സമാനമായ ലക്ഷണമോ ദിവസേനയുള്ള വേദനയോ ആണ് ലക്ഷണം.
സൈനസൈറ്റിസ് കാരണം തലവേദനയുണ്ടാകും. സാധാരണയായി ഒരു അണുബാധയുടെ അല്ലെങ്കിൽ അലർജിയുടെ ഫലമായി സൈനസ് വീർക്കുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത്. കനത്ത കഫീൻ ഉപയോഗം കാരണം ഉണ്ടാകുന്ന വേദനയാണ് മറ്റൊന്ന്. ഏകദേശം 4 കപ്പ് കാപ്പിയിലധികം കുടിച്ചാൽ ഇങ്ങനെയുള്ള വേദന അനുഭവപ്പെടാം.
Story Highlights- types of headache