വാമോസ് അർജന്റീന; ലോകകിരീടത്തിൽ മുത്തമിട്ട് ലയണൽ മെസി, അർജന്റീനയുടെ വിജയം ഷൂട്ടൗട്ടിൽ

December 19, 2022

കാലത്തിന്റെ കാവ്യനീതി..ഇതിലും മികച്ചൊരു ഫൈനൽ സ്വപ്നങ്ങളിൽ മാത്രം. അതീവ നാടകീയമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ. കൊണ്ടും കൊടുത്തും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങൾ കളത്തിൽ നിറഞ്ഞാടിയ മത്സരത്തിൽ ഒടുവിലത്തെ ചിരി മെസിയുടെയും കൂട്ടരുടേയുമായിരുന്നു. വാമോസ് അർജന്റീന. ലോകകിരീടത്തിൽ മുത്തമിട്ട് ഫുട്‌ബോളിലെ മിശിഹായ്ക്ക് ഇനി പടിയിറങ്ങാം.

80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഏറെ സമയവും അർജന്റീന തന്നെയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളിലും ഡി മരിയ ടച്ച് ഉണ്ടായിരുന്നു. ലയണൽ മെസി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടുകയും ചെയ്ത മരിയ ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി. ആദ്യ ഗോളിന്റെ ആവേശത്തിൽ പൊരുതിയ അർജന്റീന 10 മിനിറ്റ് കൂടി പിന്നിടുമ്പോഴേയ്ക്കും ലീഡ് വർധിപ്പിച്ചു. 36 ആം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ രണ്ടാം പകുതിയുടെ അവസാന 10 മിനിറ്റിൽ കളി മാറി. കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ എത്തിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയിൽ.

ഒടുവിൽ മത്സരത്തിന്റെ ഫലം നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം.

ആർക്കും തടുക്കാൻ കഴിയുന്നതായിരുന്നില്ല ഈ ലോകകപ്പിലെ മെസിയുടെയും അർജന്റീനയുടെയും ജൈത്രയാത്ര. ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം പിന്നീട് നടത്തിയത് അവിശ്വസനീയമായ തിരിച്ചു വരവാണ്. ഓരോ മത്സരത്തിലും മികവ് മെച്ചപ്പെടുത്തി ഒടുവിൽ അവർ ലോകകിരീടത്തിൽ മുത്തമിട്ടു.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

മെസി എന്ന ഇതിഹാസത്തെ ഇനി ലോകകപ്പ് വേദിയിൽ കണ്ടേക്കില്ല. പക്ഷെ ഏതൊരു ഇതിഹാസ താരവും കൊതിക്കുന്ന ഒരു നേട്ടവുമായാണ് അയാൾ മടങ്ങുന്നത്. പലപ്പോഴും നിഷേധിക്കപ്പെടുകയും തട്ടിത്തെറിപ്പിക്കപ്പെടുകയും ചെയ്‌ത ലോകകിരീടം അയാൾ സ്വന്തമാക്കി. അയാൾക്ക് പിന്നിൽ ഒരു കൂട്ടം പോരാളികൾ അണിനിരന്നു. അവർ നടന്നു കയറിയത് കായിക ചരിത്രത്തിലെ സുവർണ ഏടുകളിലേക്കാണ്…വാമോസ് അർജന്റീന…വാമോസ് മെസി..

Story Highlights: Argentina are the new champions of the world