“നന്ദി അളിയാ..എന്റെ കണ്ണ് നിറഞ്ഞു..”; ടൊവിനോയുടെ അഭിനന്ദനത്തിന് ബേസിലിന്റെ മറുപടി

December 15, 2022

കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ തേടി ഒരു അന്താരാഷ്ട്ര അംഗീകാരമെത്തിയത്. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു മിന്നൽ മുരളിയുടെ സംവിധായകനായ ബേസിൽ. 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് മിന്നൽ മുരളി നേട്ടം സ്വന്തമാക്കിയത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

അതിന് ശേഷം ബേസിലിനെ അഭിന്ദിച്ചു കൊണ്ട് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. “ഒരു സുഹൃത്തെന്ന നിലയിലും,അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും, ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ, അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിലിന്റേത്. ഒരു പക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക !!” -ബേസിലുമൊത്തുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചു.

ഇപ്പോൾ ബേസിൽ ഇതിന് നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ‘‘നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞു… സെഡ് ആയി’’- ടൊവിനോയുടെ കുറിപ്പിന് താഴെ ബേസിൽ കുറിച്ചു.

Read More: ആദി ശങ്കറിന് രണ്ടാം ജന്മം നൽകി ദുൽഖർ സൽമാൻ ഫാമിലി- നന്ദി പറഞ്ഞ് ഒരു ഗ്രാമം

അതേ സമയം ബേസിൽ തന്നെയാണ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുരസ്ക്കാരം നേടിയ വാർത്ത പങ്കുവെച്ചത്. ”2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.”- പുരസ്‌കാരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ബേസിൽ കുറിച്ചു.

Story Highlights: Basil joseph’s reply to tovino