ബേസിൽ ജോസഫിന് അന്താരാഷ്ട്ര അംഗീകാരം; ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകൻ
മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമാണ് ‘മിന്നൽ മുരളി.’ മലയാള സിനിമയ്ക്ക് ഏറെ പുതുമയുള്ള ഒരു സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആളുകളാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയിരുന്നത്.
ഇപ്പോൾ മിന്നൽ മുരളിയെ തേടി മറ്റൊരു അന്താരാഷ്ട്ര അംഗീകാരം എത്തിയിരിക്കുകയാണ്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ്. 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് മിന്നൽ മുരളി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുരസ്ക്കാരം നേടിയ വാർത്ത പങ്കുവെച്ചത്. ”2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില് മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.”- പുരസ്കാരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ബേസിൽ കുറിച്ചു.
I feel overwhelmed and honored to be declared as the the Best Director among 16 countries at the Asian Academy Awards 2022.
— basil joseph (@basiljoseph25) December 8, 2022
Today,I feel prouder than ever to be a part of the Malayalam movie industry and to represent India on this stage.#minnalmurali #AsianAcademyCreativeAwards pic.twitter.com/EVbCR2BrfI
Read More: ആദി ശങ്കറിന് രണ്ടാം ജന്മം നൽകി ദുൽഖർ സൽമാൻ ഫാമിലി- നന്ദി പറഞ്ഞ് ഒരു ഗ്രാമം
നേരത്തെ ന്യൂയോർക് ടൈംസിന്റെ പ്രതിമാസ ലിസ്റ്റിൽ ഏറ്റവും മികച്ച 5 സിനിമകളിൽ ഒന്നായി മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ സിനിമ എന്ന നിലയിൽ ആഗോള തലത്തിലെ പല പ്രമുഖ ലിസ്റ്റുകളിലും ചിത്രം സ്ഥാനം നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം സ്ട്രീമിംഗ് സർവീസിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറിയിരുന്നു.
Story Highlights: Basil jospeh receives international recognition