‘ഡോലാരേ..’ ഗാനത്തിനൊപ്പം സ്കർട്ടണിഞ്ഞ് ചുവടുവെച്ച് യുവാക്കൾ- വിഡിയോ

കലയെ ഉപാസിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. ജന്മസിദ്ധമായ കഴിവുകളിൽ തനതായ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയൊരാളാണ് ജൈനിൽ മേത്ത എന്ന യുവാവ്. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്ത കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മുൻപും ഇദ്ദേഹത്തിന്റെ വിഡിയോകൾ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ സമാനമായ വേഷവിധാനത്തോടെ മറ്റൊരു യുവാവും ഒപ്പമുണ്ട്. ഡോലാരേ എന്ന ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
അഞ്ചാം വയസ്സിൽ നൃത്തം ചെയ്യാൻ തുടങ്ങിയതാണ് ഇദ്ദേഹം. നൃത്തത്തോടുള്ള കുട്ടിയുടെ അഭിനിവേശം കണ്ടപ്പോൾ അമ്മ പരിശീലനത്തിനായി ചേർക്കുകയും ചെയ്തു. അമ്മയുടെ മനോഹരമായ സ്കർട്ടുമായാണ് ഇത്തവണ ഈ ചെറുപ്പക്കാരൻ ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവച്ചത്.
ഒരു കലാകുടുംബത്തിൽ നിന്നുമാണ് ജൈനിൽ താരമാകുന്നത്. ജൈനിൽ മേത്തയുടെ മുത്തച്ഛനാണ് നൃത്തം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചത്. ചെറുപ്പം തൊട്ട് തന്നെ സ്കർട്ട് അണിഞ്ഞ് നൃത്തം ചെയ്യണം എന്ന ഒരു മോഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ സമൂഹത്തിന്റെ കുത്തുവാക്കുകൾക്ക് തന്നെ തളർത്താൻ കഴിയും എന്ന ബോധ്യം ജൈനിലിനെ ഈ മോഹത്തിൽ നിന്നും അകറ്റി നിർത്തി.
18-ാം വയസ്സിൽ അദ്ദേഹം നൃത്തം പഠിക്കുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് മാറിയപ്പോൾ സ്കർട്ട് ധരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിക്കേണ്ടതില്ല എന്ന് തിരിച്ചറിഞ്ഞു. ഒടുവിൽ അദ്ദേഹം തന്റെ മടി മാറ്റി ന്യൂയോർക്കിലെ തെരുവുകളിൽ പാവാട ധരിച്ച് പ്രകടനം ആരംഭിച്ചു. അറുപതു സെക്കന്റിലാണ് തന്റെ പ്രകടനത്തിലൂടെ ജൈനിൽ അമ്പരപ്പിക്കുന്നത്.
Story highlights- boys wearing skirt & dances on New York streets