“കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ

December 29, 2022

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വിഡിയോയായിരുന്നു ഒരു കല്യാണത്തിന് വധുവും വരനും ചേർന്നൊരുക്കിയ ശിങ്കാരി മേളം. ശിങ്കാരി മേളം കൊട്ടി വധു ആവേശം തീർത്തപ്പോൾ ഇലത്താളമടിച്ച് വരനും ആവേശത്തിൽ പങ്ക് ചേരുകയായിരുന്നു. ഇരുവർക്കും ആവേശം പകർന്ന് വധുവിന്റെ അച്ഛനും ഒപ്പം കൂടുകയായിരുന്നു. ഗുരുവായൂർ ചൊവ്വൂർപടി സ്വദേശി ശിൽപ്പയും കണ്ണൂർ സ്വദേശി ദേവാനന്ദുമായുള്ള കല്യാണത്തിനിടയിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്.

വിഡിയോ വൈറലായതിൽ വലിയ സന്തോഷമുണ്ടെന്നാണ് ശിൽപ്പയും ദേവാനന്ദും 24 ന്യൂസിനോട് പറയുന്നത്. “12 വര്‍ഷമായി ശിങ്കാരിയും പഞ്ചാരിയുമൊക്കയായി ചെണ്ടകൊട്ടാറുണ്ട്. കല്യാണം ഒരു സ്‌പെഷ്യല്‍ ഡേയാണല്ലോ. അപ്പോ എന്തെങ്കിലും വെറൈറ്റി വേണ്ടേ. ഞങ്ങള്‍ നാല് പേര്‍ക്ക് മാത്രമാണ് വിവാഹത്തിന് ഈ പരിപാടിയുള്ളത് അറിയുമായിരുന്നുള്ളൂ. ആരോടും പറഞ്ഞിരുന്നില്ല. ബന്ധുക്കള്‍ക്കൊക്കെ സര്‍പ്രൈസായി”- ശിൽപ പറഞ്ഞു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം പൊന്നൻ ശിങ്കാരിമേളം ടീം നൽകിയ വിവാഹ സമ്മാനമായിരുന്നു മേളം. ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ താലികെട്ടിന് ശേഷമായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്. കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലൂടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും പഞ്ചാരിമേളത്തിലും ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടിയിട്ടുള്ള ശിൽപ യുഎഇയിലെ വിവിധ വേദികളിലും ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർത്തിട്ടുണ്ട്.

Story Highlights: Bride and groom shinkari melam viral video