27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

December 9, 2022

കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കൊവിഡുമൊക്കെ ഏറെ വെല്ലുവിളികൾ നൽകിയ കേരള രാജ്യാന്തര ചലച്ചിത്ര മേള എല്ലാ പ്രൗഢിയോടും കൂടി വീണ്ടും കോടിയേറി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.തലസ്ഥാന നഗരി ഇനി വീണ്ടും ചലച്ചിത്രോത്സവത്തിന്റെ ലഹരിയിലേക്ക് മടങ്ങി പോവുകയാണ്. ‘ടോറി ആൻഡ് ലോകിത’ എന്ന ബെൽജിയൻ ചിത്രമാണ് ഇത്തവണത്തെ മേളയുടെ ഉദ്ഘാടന ചിത്രം.

പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരിക്ക് ശേഷമാവും ടോറി ആൻഡ് ലോകിതയുടെ പ്രദർശനമുണ്ടാവുക. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ചിത്രം ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഇത്.

അതേ സമയം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ വേൾഡ് പ്രീമിയർ ഐഎഫ്എഫ്കെയിൽ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ 12 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. തുടർന്ന് 13, 14 തീയതികളിൽ ഏരീസ് പ്ളെക്സ്, അജന്ത തിയേറ്റർ എന്നിവടങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലാണ് ഐഎഫ്എഫ്കെ നടക്കുന്നത്.

Read More: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

നേരത്തെ നടൻ ദുൽഖർ സൽമാനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്. വളരെ വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ചിത്രത്തിനെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Story Highlights: CM Pinarayi vijayan inaugurated iffk