റീമേക്കുകളിലൂടെ കരകയറുന്ന ബോളിവുഡ്; ‘ദൃശ്യം 2’ 200 കോടിയിലേക്ക് അടുക്കുന്നു

December 4, 2022

കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ട ബോളിവുഡിന് റീമേക്ക് ചിത്രങ്ങൾ വലിയ ആശ്വാസമാവുകയാണ്. ഇപ്പോൾ മോഹൻലാൽ ചിത്രമായ ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് മികച്ച പ്രതികരണമാണ് നേടുന്നത്. തിയേറ്ററുകളിൽ നിന്ന് കൈയടി നേടുന്ന ചിത്രം വലിയ ഹിറ്റിലേക്കും നീങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ കളക്ഷൻ 200 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്‌ത്‌ മൂന്നാഴ്ച്ച ആയപ്പോഴേക്കും 176.38 കോടിയാണ് ദൃശ്യം 2 ഇന്ത്യയിൽ നിന്നുമാത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈയാഴ്ച്ച തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ കയറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകരോടൊപ്പം നിരൂപകരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബർ 18 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

അതേ സമയം ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്‌തിരുന്നു. ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ആദ്യ ഭാഗം വലിയ ഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്‌തിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌ത ചിത്രം വലിയ വിജയമായി മാറിയിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങിയത്.

Story Highlights: Drishyam 2 collection near 200 crores

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!