ഇന്ത്യൻ സൈന്യത്തിൽ ചേരാനായി ഐഐടിയിൽ പ്രവേശനം കിട്ടിയത് മാതാപിതാക്കളിൽ നിന്നും മറച്ചുവെച്ചു; ഇന്ന് രാഷ്ട്രപതിയിൽ നിന്നും ഗോൾഡ് മെഡൽ ഏറ്റുവാങ്ങി അഭിമാനമായി ഗൗരവ് യാദവ്

December 3, 2022

ദിനംപ്രതി ഒട്ടേറെ ഉള്ളുതൊടുന്ന പ്രചോദനാത്മകമായ കഥകളും അനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. അങ്ങനെ ഇപ്പോൾ ജീവിതം കൊണ്ട് താരമായിരിക്കുകയാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവ്. ഗൗരവ് യാദവ് എന്ന യുവാവ് തന്റെ സ്വപ്നത്തെ പിന്തുടർന്ന ധീരനാണ്. സൈന്യത്തിൽ ചേരാനുള്ള തന്റെ സ്വപ്നം പിന്തുടരാൻ, ജാജോർ-ബാസ് ഗ്രാമത്തിൽ നിന്നുള്ള ഒരു കർഷകന്റെ മകനായ ഗൗരവ് യാദവ് ഐഐടി പ്രവേശന പരീക്ഷയിൽ വിജയിച്ചു എന്ന വാർത്ത മാതാപിതാക്കളിൽ നിന്ന് രഹസ്യമാക്കി വെച്ചു.

സായുധ സേനയിൽ ചേരുക എന്ന തന്റെ സ്വപ്ന ജീവിതം തുടരാൻ ആഗ്രഹിച്ചതിനാലാണ് യുവാവ് മാതാപിതാക്കളോട് ഇക്കാര്യം പറയാഞ്ഞത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ എൻറോൾ ചെയ്തതിനു പുറമേ, എൻഡിഎയുടെ 143-ാം കോഴ്‌സിൽ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലും ഗൗരവ് യാദവ് നേടി. എന്നിരുന്നാലും, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എലിമെന്ററി സ്കൂൾ മുതൽ പഠനപരമായും കായികമായും മികവ് പുലർത്തിയ യാദവ്, ഐഐടി പ്രവേശന വിജയം കുടുംബത്തിൽ നിന്ന് മറച്ചുവെക്കുകയും ഡൽഹിയിലെ ഡിഫൻസ് അക്കാദമിയിൽ ചേരുകയും ചെയ്തു.

ഹരിയാനയിലെ റെവാരിയിലുള്ള കേരള പബ്ലിക് സ്കൂളിലാണ് യാദവ് പഠിച്ചത്. തന്റെ വിദ്യാഭ്യാസത്തിലുടനീളം മികച്ച ഗ്രേഡുകൾ നേടിയ മിടുക്കനാണ് ഇന്ന് ഗോൾഡ്‌ മെഡൽ തിളക്കത്തിൽ നിൽക്കുന്നത്. 12-ാം ക്ലാസ് പരീക്ഷയിൽ 96 ശതമാനം മാർക്കുമായി വിജയിക്കുകയും 10-ൽ മുഴുവൻ A+ നേടുകയും ചെയ്തു. എൻഡിഎ പ്രവേശന പരീക്ഷയിൽ രണ്ടുതവണ വിജയിച്ച ഗൗരവ് യാദവ് സർവീസസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) അഭിമുഖത്തിൽ പരാജയപ്പെട്ടു. എന്നാൽ മൂന്നാം ശ്രമത്തിൽ അഭിമുഖത്തിൽ വിജയിക്കുകയായിരുന്നു.

Read Also: ‘രാ രാ രാക്കമ്മ..’ ഗാനത്തിന് ചുവടുവെച്ച് മലയാളി വധുവും സുഹൃത്തുക്കളും- വിഡിയോ

എന്തായാലും ഗൗരവിന്റെ മാതാപിതാക്കളായ ബൽവന്തും കമലേഷും മകനെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുകയാണ്. മകൻ ഐഐടിയിൽ ചേർന്നാലും ഇല്ലെങ്കിലും ജീവിതത്തിൽ വിജയിക്കുമെന്ന് അവർക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു എന്നാണ് പങ്കുവെച്ചത്.

Story highlights- Gaurav Yadav, NDA gold medallist who didn’t tell parents he cleared IIT to join Indian Army