മജീദിനെയും ഹസ്സനെയും കണ്ടപ്പോൾ; മൊറോക്കൻ വിശേഷങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്
പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ‘റാം.’ മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
കുറച്ചു നാളുകൾക്ക് മുൻപാണ് ചിത്രത്തിന്റ വിദേശ ലൊക്കേഷനുകളിലെ ഷൂട്ടിംഗ് ആരംഭിച്ചത്. മൊറോക്കോ, ടുണീഷ്യ അടക്കമുള്ള രാജ്യങ്ങളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ മൊറോക്കോയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് സംവിധായകൻ ജീത്തു ജോസഫ് പങ്കുവെച്ച ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോറോക്കോയിൽ വച്ച് കണ്ട ഒരു കുട്ടിയുടെ വിഡിയോയാണ് ജീത്തു പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ മൊറോക്കോയിൽ കണ്ടുമുട്ടിയ ആൺകുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും. ആൺകുട്ടിയുടെ പേര് മജീദ്, ഒട്ടകത്തിന്റെ പേര് ഹസ്സൻ’- വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലാണ് ഇനി മോഹൻലാൽ അഭിനയിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ മോഹൻലാലും ലിജോയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ ഒക്ടോബറിൽ നടന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. മോഹൻലാലും ലിജോയും ടൈറ്റിലുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സിനിമയെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നത്. ഒരു പക്ഷെ മലയാള സിനിമ പ്രേക്ഷകർ ഇന്നേറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം.
Story Highlights: Jeethu joseph instagram video from morocco