“തിരു തിരു തിരുവനന്തപുരത്ത്..”; കാപ്പയിലെ വിഡിയോ സോംഗ് റിലീസ് ചെയ്തു

December 20, 2022

പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ഇപ്പോൾ കാപ്പയിലെ ഒരു ഗാനത്തിന്റെ വിഡിയോ സോങ് പുറത്ത് വന്നിരിക്കുകയാണ്. “തിരു തിരു തിരുവനന്തപുരത്ത്..” എന്ന ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്‌. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്സ് ബിജോയ്, സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു. ഈ മാസം 22 നാണ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’ റിലീസിനെത്തുന്നത്.ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് കാപ്പയുടെ ട്രെയ്‌ലറെത്തിയത്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മാസ്സും ആക്ഷനും നിറച്ചാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ റിലീസ് ചെയ്‌ത കാര്യം അറിയിച്ചത്. പുറത്ത് വന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയ്‌ലർ വൈറലായി മാറിയിരുന്നു.

Read More: അവതാറിൽ 12 വയസ്സുളള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് 72 കാരി; മറ്റൊരു ജയിംസ് കാമറൂൺ മാജിക്ക്

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Kappa video song released