“താങ്കളാണ് ലോകത്തെ ഏറ്റവും മികച്ചയാൾ..”; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലി

December 12, 2022

പല ഇതിഹാസ താരങ്ങളുടെയും കണ്ണീര് വീണ ഖത്തറിൽ നിന്ന് ഒടുവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മടങ്ങി. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോടേറ്റ പരാജയത്തെ തുടർന്നാണ് താരത്തിന് മടങ്ങേണ്ടി വന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്തത്. ലോകമെങ്ങുമുള്ള നിരവധി റൊണാൾഡോ ആരാധകർ വലിയ നിരാശയിലാണ്. താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്.

ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി റൊണാൾഡോയെ പുകഴ്ത്തി പങ്കുവെച്ച ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലോകകിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യാനോ ലോകത്തെ ഏറ്റവും മികച്ച താരമാണെന്നാണ് കോലി പറയുന്നത്.

“ഫുട്ബോളിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും വേണ്ടി നിങ്ങൾ ചെയ്‌തതൊന്നും ഒരു കിരീടത്തിനും പകരംവെക്കാനാവില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും എന്നെപ്പോലെയുള്ള ആരാധകര്‍ക്കുമുണ്ടാകുന്ന അനുഭൂതിക്കും അത് ആളുകളിൽ ചെലുത്തുന്ന സ്വാധീനവുമൊന്നും ഒരു കിരീടനേട്ടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്‍റെ സമ്മാനമാണ്. എക്കാലത്തും ഹൃദയം കൊണ്ട് പന്ത് തട്ടുകയും കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെും പ്രതിരൂപമാവുകയും ചെയ്ത നിങ്ങള്‍ ഏതൊരു കായിക താരത്തിനും യഥാര്‍ത്ഥ പ്രചോദനമാണ്. നിങ്ങളാണ് എനിക്ക് എക്കാലത്തെയും വലിയവന്‍.”- റൊണാൾഡോയുടെ കടുത്ത ആരാധകൻ കൂടിയായ കോലി താരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തു.

Read More: “ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതേ സമയം നാളെയാണ് ലോകകപ്പിലെ ആദ്യ സെമിഫൈനൽ. രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ മെസിയുടെ അർജന്റീന ക്രോയേഷ്യയെ നേരിടും. മോഡ്രിച്ചിന്റെ ക്രോയേഷ്യയെ മറികടക്കുക എന്നത് അർജന്റീനയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. മറ്റെന്നാൾ രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയെ നേരിടും. ഡിസംബർ 18 ഞായറാഴ്ച്ച രാത്രി 8.30 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

Story Highlights: Kohli tweet about ronaldo