കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാമോ; കുട്ടിത്താരങ്ങളെ ഞെട്ടിച്ച് മമ്മൂക്കയുടെ അഭ്യർത്ഥന-വിഡിയോ

December 13, 2022

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു താരം കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് അഭ്യർത്ഥിക്കുന്ന നിമിഷം ഏത് ആരാധകർക്കും അവിശ്വസനീയമായ ഒരു നിമിഷമായിരിക്കും സമ്മാനിക്കുന്നത്. ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിലൂടെ കടന്ന് പോയതിന്റെ അമ്പരപ്പിലാണ് രണ്ട് കുട്ടിത്താരങ്ങൾ.

‘മാളികപ്പുറം’ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ദേവനന്ദ, പീയുഷ് എന്നീ കുരുന്നുകൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്റണി സംവിധാനം ചെയ്‌ത ‘2018’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിലാണ് അപൂർവമായ ഒരു നിമിഷത്തിന് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. പിയൂഷും ദേവനന്ദയും എന്റെ കൂടെ വന്ന് നിന്ന് ഒരു ഫോട്ടോ എടുക്കുമോ എന്ന് സ്റ്റേജിൽ നിന്ന് മമ്മൂട്ടി ചോദിക്കുകയായിരുന്നു. ഇതോടെ കുട്ടിത്താരങ്ങൾ വേദിയിലെത്തി. അതിന് ശേഷം പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം നിന്ന് അവർ ഫോട്ടോ എടുക്കുകയും ചെയ്‌തു. വലിയ കൈയടിയാണ് വേദിയിൽ മുഴങ്ങിയത്. ഇപ്പോൾ ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Read More: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

അതേ സമയം കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സൂപ്പർ ഹിറ്റായ റോഷാക്കിന്റെ ഒരു മേക്കിങ് വിഡിയോ ആയിരുന്നു ഇത്. ഒരു രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ് മമ്മൂട്ടി ഡയലോഗുകൾ ആവർത്തിച്ച് പറഞ്ഞ് തയാറെടുക്കുകയാണ്. അതിന് ശേഷം സംതൃപ്‌തി ഇല്ലാതെ വരുന്നതോടെ റീടേക് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള ആദ്യമായി ഒരു ചിത്രത്തിലഭിനയിക്കുന്ന ഒരു നടനുള്ള അതേ ആവേശമാണ് 50 വർഷത്തെ സിനിമ അനുഭവങ്ങളുള്ള മമ്മൂട്ടി പ്രകടിപ്പിക്കുന്നത്. അഭിനയത്തോടും സിനിമകളോടുമുള്ള മമ്മൂക്കയുടെ ആവേശത്തിന് സമാനതകളില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Story Highlights: Mammootty surprised little fans with a request