മെസിക്ക് മറ്റൊരു വമ്പൻ നേട്ടം; തകർത്തത് റൊണാൾഡോയുടെ റെക്കോർഡ്

മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യം ഇനി അപ്രസക്തമാണ് എന്ന് കൂടി തെളിയിക്കുന്ന ലോകകപ്പാണ് കടന്ന് പോയത്. മെസിയാണോ റൊണാൾഡോയാണോ ലോകത്തെ ഏറ്റവും മികച്ച താരം എന്ന കാര്യത്തിൽ വർഷങ്ങളായി ചൂട് പിടിച്ച ചർച്ച ആരാധകരുടെയിടയിൽ നില നിന്നിരുന്നു. ഇനി ഈ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് കളി പ്രേമികൾ പറയുന്നത്. കളി മികവിന്റെ കാര്യത്തിലാണെങ്കിലും ട്രോഫികളുടെ എണ്ണത്തിന്റെ കാര്യത്തിലാണെങ്കിലും മെസി റൊണാൾഡോയെക്കാൾ ബഹുദൂരം മുൻപിലാണ്.
ഇപ്പോൾ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡും മെസി തകർത്തിരിക്കുകയാണ്. ലോകകപ്പ് നേടിയെന്നറിയിച്ച് മെസി പങ്കുവച്ച പോസ്റ്റാണ് ചരിത്രത്തിൽ ഇടം നേടിയത്. 54.7 മില്ല്യൺ ലൈക്കുകൾ നേടിക്കഴിഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ ഒരു കായികതാരം പങ്കുവച്ച പോസ്റ്റുകളിൽ ഏറ്റവുമധികം ലൈക്കുകൾ നേടുന്ന പോസ്റ്റായി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് പഴങ്കഥ ആയത്. ആ പോസ്റ്റിന് ഇതുവരെ 42 മില്ല്യൺ ലൈക്കുകളുണ്ട്.
Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ
ലോകചാമ്പ്യന്മാർ എന്ന തലക്കെട്ടോടെ മെസി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ റെക്കോർഡിട്ടിരിക്കുന്നത്. “ഒരുപാട് തവണ ഞാൻ സ്വപ്നം കണ്ടു. ഞാൻ ഒരുപാട് ആഗ്രഹിച്ചു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എൻ്റെ കുടുംബത്തിനു നന്ദി. ഞങ്ങളിൽ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി. അർജൻ്റീനക്കാർ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാൽ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളിൽ ഈ സംഘത്തിൻ്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാൻ കരുത്തായത്. നമ്മൾ നേടിയിരിക്കുന്നു. വാമോസ് അർജൻ്റീന.”- ലോകകപ്പ് നേടിയ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മെസി കുറിച്ചു.
Story Highlights: Messi instagram post record