കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-ലിജോ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു; പങ്കുവെച്ച് മോഹൻലാൽ

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു. ഈ അടുത്ത കാലത്ത് മലയാള സിനിമ ലോകം ഇത്രത്തോളം കാത്തിരുന്ന മറ്റൊരു സിനിമയുണ്ടാവുമെന്ന് തോന്നുന്നില്ല. മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.
‘മലൈക്കോട്ടൈ വാലിബന്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹൻലാലിന്റെയോ മറ്റ് നടന്മാരുടെയോ ചിത്രമില്ലാതെയാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഓള്‍ഡ് മങ്ക്സും ചിത്രകാരന് കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഒപ്പം അണിയറ പ്രവർത്തകരുടെ പേരും പോസ്റ്ററിലുണ്ട്.
അതേ സമയം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനെ പറ്റി അറിയിച്ചത്. “ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക”- നിർമ്മാതാക്കൾ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Mohanlal-lijo movie title announced