ഉറപ്പിച്ചു, തീപ്പൊരി പറക്കും..; സ്ഫടികത്തിന്റെ മോഷൻ പോസ്റ്ററുമായി മോഹൻലാൽ
മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്ഫടികം.’ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. ഭദ്രൻ സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് 28 വർഷങ്ങൾ തികയുമ്പോഴാണ് സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. “ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. അപ്പോൾ എങ്ങനാ?”- മോഷൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചു.
ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.
— Mohanlal (@Mohanlal) December 20, 2022
അപ്പോൾ എങ്ങനാ?#Spadikam pic.twitter.com/qWd4gXGKwe
അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.
Read More: ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’- ‘സ്ഫടികം’ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
സ്ഫടികത്തിന്റെ റീ-റിലീസിനെ പറ്റി നേരത്തെ സംവിധായകൻ ഭദ്രൻ മനസ്സ് തുറന്നിരുന്നു. സ്ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്നും പുതിയ തലമുറക്ക് ബിഗ് സ്ക്രീനിൽ കാണാൻ വേണ്ടിയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നതെന്നും ഭദ്രൻ പറഞ്ഞു. താനിതുവരെ ചിത്രം പൂർണമായും കണ്ടിട്ടില്ലെന്നും ആരാധകർ ഏറ്റവും മികച്ചതെന്ന് പറയുമ്പോഴും ചിത്രത്തിൽ പിഴവുകളുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Mohanlal shares sphadikam motion poster