2022 ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ രാജ്യത്തിൻറെ പേര്; സേർച്ച് ഡേറ്റ പുറത്തു വിട്ട് ഗൂഗിൾ
അടുത്ത വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. സംഭവബഹുലമായ ഒരു വർഷമാണ് കടന്ന് പോയത്. റഷ്യ-യുക്രൈൻ യുദ്ധം, പ്രമുഖരുടെ വേർപാട്, ലോക ശ്രദ്ധ പിടിച്ചു പറ്റിയ കോടതി കേസുകൾ തുടങ്ങിയ വാർത്തകളാൽ നിറഞ്ഞതായിരുന്നു കടന്നുപോയ ഓരോ ദിവസവും. ഇപ്പോൾ ജനങ്ങൾ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ കാര്യങ്ങളാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ.
ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് യുക്രൈൻ എന്ന വാക്കാണെന്നാണ് ഗൂഗിൾ പറയുന്നത്. തൊട്ടുപിന്നാലെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും വരുന്നു. അമേരിക്കൻ മിഡ്-ടേം തെരഞ്ഞെടുപ്പാണ് മൂന്നാം സ്ഥാനത്ത്. 2.04 ബില്യൺ വാഗ്ദാനം ചെയ്യുന്ന അമേരിക്കയിലെ പവർബോൾ ലോട്ടറിയെ കുറിച്ചുള്ള വാർത്ത നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് മങ്കിപോക്സും ഇടംപിടിച്ചു.
അതേ സമയം 2022 ൽ ആളുകൾ ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത സിനിമകളുടെ പട്ടിക ഗൂഗിൾ നേരത്തെ പുറത്ത് വിട്ടിരുന്നു. പലപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട് ഗൂഗിളിന്റെ മോസ്റ്റ് സെര്‍ച്ചസ് ലിസ്റ്റുകള്‍. പോയ വർഷം ഏറ്റവു കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന സിനിമകൾ ഏതെന്ന് അറിയാനും ഈ പട്ടിക ഉപയോഗപ്പെടാറുണ്ട്. ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട പത്ത് സിനിമകളുടെ പട്ടികയാണ് പുറത്തു വന്നത്. പട്ടികയിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്.
മാർവൽ ചിത്രമായ ‘ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബ്ലാക്ക് ആദം, ടോപ്പ് ഗണ്‍: മാവെറിക്, ദ് ബാറ്റ്മാന്, എന്‍കാന്റോ എന്നീ ചിത്രങ്ങൾ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടിയപ്പോൾ ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ’ ആണ് ആറാം സ്ഥാനത്തുള്ളത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ചിത്രമായ ‘കെജിഎഫ് ചാപ്റ്റര്‍ 2’ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Story Highlights: Most google searched word in 2022