ലഹരിക്കെതിരെ ‘നാലാം മുറ’; പിന്തുണയുമായി എക്സൈസ് മന്ത്രി ശ്രീ എം ബി രാജേഷ്

ഈ മാസം 23 ന് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം പറഞ്ഞ പ്രമേയത്തെയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
സാമൂഹിക പ്രസക്തിയുള്ള ഒരു ത്രില്ലർ ചിത്രമാണ് നാലാം മുറ. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണെങ്കിൽ പോലും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള അതിശക്തമായ ഒരു സന്ദേശം ചിത്രം പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്.
ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയത്തിനെ കുറിച്ചു ചിത്രം കണ്ട ശേഷം സിവിൽ ഏക്സൈസ് ഓഫീസർ അബ്ദുൽ ബാസിത് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നടൻ സുരേഷ് ഗോപിയുടേതിന് സമാനമായ ശബ്ദമുള്ള ആൾ എന്ന നിലയിൽ അദ്ദേഹം സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷം അദ്ദേഹം ചിത്രത്തെ പ്രശംസിച്ച് പങ്കുവെച്ച കാര്യങ്ങൾ വൈറലായി മാറിയിരുന്നു.
ലഹരി വിരുദ്ധ ക്യാമ്പയിൻ നാലാം മുറ ടീം അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ . ബഹുമാനപെട്ട എക്സൈസ് മിനിസ്റ്റർ ശ്രീ എം ബി രാജേഷ് നാലാം മുറ എന്ന ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടുമായി അടുത്തിടെ കൂടി കാഴ്ച നടത്തിയിരുന്നു. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനെ പ്രശംസിച്ച മന്ത്രി ചിത്രത്തിന്റെ ഭാഗമായിയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ നാലാം മുറ തിയേറ്ററുകളിൽ മുന്നോട്ട് കുതിക്കുകയാണ്.
Story Highlights: Naalam mura team campaign against drugs