ഐഎഫ്എഫ്കെയിൽ ജനപ്രിയ ചിത്രമായി ‘നൻപകൽ നേരത്ത് മയക്കം’; ‘അറിയിപ്പ്’ മികച്ച മലയാള സിനിമ
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്ക്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അറിയിപ്പിന് ലഭിച്ചു. അതേ സമയം മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്ക്കാരം ബൊളീവിയൻ ചിത്രമായ ‘ഉതാമ’ സ്വന്തമാക്കി.
ഐഎഫ്എഫ്കെയിലാണ് ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദർശനം നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബര് 7 ന് വേളാങ്കണ്ണിയില് വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന് പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന് സിനിമയും ചിത്രീകരിച്ചത്.
ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്മ്മിച്ചപ്പോൾ ആമേന് മൂവി മൊണാസ്ട്രിയുടെ ബാനറില് സഹനിര്മ്മാതാവായി ലിജോയും ഒപ്പമുണ്ട്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.
നേരത്തെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമോ അതോ നേരിട്ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. എന്നാണ് റിലീസ് എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചത്.
Story Highlights: Nanpakal nerathe mayakkam won audience award at iffk