മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ വേൾഡ് പ്രീമിയർ; ഐഎഫ്എഫ്കെയിൽ മൂന്ന് പ്രദർശനങ്ങൾ

December 7, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെയേറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഈ വരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ്. ഡിസംബർ 12 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. തുടർന്ന് 13, 14 തീയതികളിൽ ഏരീസ് പ്ളെക്സ്, അജന്ത തിയേറ്റർ എന്നിവടങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലാണ് ഐഎഫ്എഫ്കെ നടക്കുന്നത്.

അതേ സമയം നടൻ ദുൽഖർ സൽമാനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്. വളരെ വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ചിത്രത്തിനെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

Read More: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.

Story Highlights: Nanpakal world premiere at iffk

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!