“കേരളത്തിന് ഒരുപാട് നന്ദി..”; കേരളത്തിലെ ബ്രസീൽ ആരാധകർക്ക് നന്ദി പറഞ്ഞ് നെയ്‌മർ

December 16, 2022

ബ്രസീൽ ഫുട്‌ബോൾ ടീമിന് വലിയ ആരാധക വൃന്ദമാണ് കേരളത്തിലുള്ളത്. ബ്രസീലിന്റെ ഓരോ അന്താരാഷ്ട്ര മത്സരവും വലിയ പ്രാധാന്യത്തോടെയാണ് കേരളത്തിലെ ആരാധകർ ആഘോഷിക്കാറുള്ളത്. റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ അടക്കമുള്ള താരങ്ങളെ ആരാധിച്ചിരുന്ന മലയാളികളുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട താരം നെയ്‌മറാണ്. നെയ്‌മർ ഇത്തവണ ലോകകിരീടം നേടണമെന്നായിരുന്നു ആരാധകരൊക്കെ ആഗ്രഹിച്ചിരുന്നത്.

കേരളത്തിലെ ബ്രസീൽ ആരാധകരുടെ ആ ആഗ്രഹം സഫലമായില്ലെങ്കിലും ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് അവരെ തേടിയെത്തിയിരിക്കുന്നത്. കേരളത്തിലെ ബ്രസീൽ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ”-നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം ലോകകപ്പിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയോട് തോൽവി സമ്മതിക്കുകയായിരുന്നു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.

Story Highlights: Neymar thanks kerala fans