നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

December 8, 2022

കേരളത്തിൽ വലിയ ആരാധക വൃന്ദമാണ് ബ്രസീൽ ഫുട്‌ബോൾ ടീമിനുള്ളത്. ഒരു കാലത്ത് പെലെയെയും പിന്നീട് റൊണാൾഡോയെയും റൊണാൾഡീഞ്ഞോയെയും സ്വന്തം നാട്ടിലെ താരങ്ങളെ പോലെ ഇഷ്ടപ്പെട്ടിരുന്ന മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരമാണ് നെയ്‌മർ. നെയ്‌മറുടെ ഒരു മത്സരമെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികളായ ബ്രസീൽ ആരാധകർ.

നെയ്‌മറെ കളിക്കളത്തിലെങ്കിലും നേരിട്ട് കാണാൻ ഒരുപാട് മലയാളികൾ ആഗ്രഹിക്കുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഉമ്മ നൽകിയിരിക്കുകയാണ് ഒരു മലയാളി ആരാധകൻ. കുഞ്ഞാൻ എന്നറിയപ്പെടുന്ന ഉമ്മർ ഫാറൂഖിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

ലോകകപ്പ് ഫുട്ബോൾ മത്സരം കാണുക എന്ന വലിയ ആഗ്രഹത്തോടെയാണ് താഴേക്കോട്ട് നിന്ന് വീൽചെയറിൽ ഇരുന്ന് കുഞ്ഞാൻ ഖത്തറിൽ വിമാനം ഇറങ്ങിയത്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ചാണ് അദ്ദേഹത്തിന്റെ കാലുകൾ തളർന്നത്. എന്നാൽ കാൽപന്ത് കൈകൾ കൊണ്ട് തട്ടിക്കളിച്ചും കളിക്കാരെ പ്രോത്സാഹിപ്പിച്ചും അദ്ദേഹം ഫുട്ബോളിനെ ഒപ്പം കൂട്ടി. ലോകത്തിലെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഇഷ്ട താരമായ നെയ്മാർ ഉൾപ്പെടെയുള്ള ബ്രസീൽ ടീം അംഗങ്ങളുമായി കെട്ടിപ്പിടിക്കുവാനും സെൽഫിയെടുക്കുവാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരങ്ങൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് കുഞ്ഞാൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More: റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് റിച്ചാർലിസൺ-വിഡിയോ

“മനസ്‌ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. ഞാൻ സ്വപ്നം കണ്ടതും ആഗ്രഹിച്ചതും ആണ് ഇന്നലെ 974 സ്റ്റേഡിയത്തിൽ നടന്നത്‌ …. നെയ്‌മോൻ എന്റെ മുത്താണ്. ഖത്തർ വേൾഡ് കപ്പിലെ കളി കാണാൻ വിമാനം കയറിയപ്പോൾ തന്നെ ഒരു ലക്ഷ്യമുണ്ടായിരുന്നു… എങ്ങനെയെങ്കിലും നമ്മുടെ നെയ്മർ മെസ്സി റൊണാൾഡോ ഇവരുടെ ആരുടേയങ്കിലും കൂടെ ഒരു സെൽഫി എടുക്കണം എന്നുള്ള ഒരു മോഹം.. നടക്കില്ലെന്നറിയാം.. എങ്കിലും ഖത്തറിൽ എത്തിയത് മുതൽ ശ്രമങ്ങൾ ആരംഭിച്ചു.. അങ്ങനെ ഒരു പ്രാവശ്യം ജർമ്മനി-സ്പെയിൻ മത്സരം നടക്കുന്ന ആൽബൈത് സ്റ്റേഡിയത്തിൽ അവരുടെ കൂടെ ഗ്രൗണ്ടിലിറങ്ങി വലിയ സന്തോഷത്തിലായിരുന്നു… അപ്പോഴും നെയ്മർ മെസ്സി റൊണാൾഡോ സെൽഫി എടുക്കാനുള്ള മോഹം മാത്രം ബാക്കിയായി… ഞാനും ഷബീബും അതിനും ശ്രമിച്ചു കൊണ്ടേയിരുന്നു.. ഒടുവിൽ നമുക്ക് അവസാനമായി ബ്രസീൽ കൊറിയ മത്സരം നമ്മുടെ ഭാഗ്യം പോലെ വന്നതും നെയ്മർ എന്നല്ല ബ്രസീൽ ടീമിനെ മുഴുവനായി കാണാനും കെട്ടിപ്പിടിക്കാനും സെൽഫിയെടുക്കാനും ഭാഗ്യം കിട്ടിയത്…. സപ്പോർട്ട് പ്രാർത്ഥനയും എന്നുമുണ്ടാവണം… താങ്ക്സ് all”- താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു കൊണ്ട് കുഞ്ഞാൻ കുറിച്ചു.

Story Highlights: Malayali meets neymar and brazil team