ഇനിയാണ് കഥ ആരംഭിക്കുന്നത്; ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു-വിഡിയോ

December 28, 2022

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘പൊന്നിയിൻ സെൽവൻ.’ ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം നേടിയത്. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. അടുത്ത വർഷം ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം, ജയം രവി, കാർത്തി എന്നിവരുൾപ്പെടുന്ന ഒരു വിഡിയോയും നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടുണ്ട്.

അതേ സമയം ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: ഇത് റിയൽ ലൈഫ് ഒരു രാജമല്ലി; രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Ponniyin selvan 2 release date announced