ഡയലോഗുകൾ പലയാവർത്തി പറഞ്ഞു പഠിക്കുന്ന, റീടേക്കുകൾ ആവശ്യപ്പെടുന്ന മമ്മൂക്ക, ശ്രദ്ധയോടെ നിരീക്ഷിച്ച് ആസിഫ് അലി- റോഷാക്കിന്റെ പുതിയ മേക്കിങ് വിഡിയോ

December 11, 2022

സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം. റിലീസ് ചെയ്‌ത ദിവസം മുതൽ വലിയ പ്രശംസയാണ് ‘റോഷാക്ക്’ നേടിയത്.

ഇപ്പോൾ റോഷാക്കിന്റെ ഒരു പുതിയ മേക്കിങ് വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിലെ ചില രംഗങ്ങളുടെ പിന്നാമ്പുറ വിശേഷങ്ങളും വിഡിയോയിലുണ്ട്. ഒരു രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ് മമ്മൂട്ടി ഡയലോഗുകൾ ആവർത്തിച്ച് പറഞ്ഞ് തയാറെടുക്കുകയാണ്. അതിന് ശേഷം സംതൃപ്‌തി ഇല്ലാതെ വരുന്നതോടെ റീടേക് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള ആദ്യമായി ഒരു ചിത്രത്തിലഭിനയിക്കുന്ന ഒരു നടനുള്ള അതേ ആവേശമാണ് 50 വർഷത്തെ സിനിമ അനുഭവങ്ങളുള്ള മമ്മൂട്ടി പ്രകടിപ്പിക്കുന്നത്. അഭിനയത്തോടും സിനിമകളോടുമുള്ള മമ്മൂക്കയുടെ ആവേശത്തിന് സമാനതകളില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എല്ലാം ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ട് ആസിഫ് അലിയും സംവിധായകൻ നിസാം ബഷീറിനൊപ്പം മോണിറ്ററിന് അരികിലിരിപ്പുണ്ട്. നേരത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്.

Read More: അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

അതേ സമയം കഴിഞ്ഞ ദിവസം നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിൽ മമ്മൂട്ടി ആസിഫ് അലിക്ക് റോളക്‌സ് വാച്ച് സമ്മാനിക്കുന്നതിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. വിക്രത്തിന്റെ വിജയത്തിന് ശേഷം കമൽ ഹാസൻ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനമായി നൽകിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് പോലെ തനിക്കെന്നാണ് മമ്മൂക്ക വാച്ച് സമ്മാനിക്കുന്നതെന്ന് ആസിഫ് തമാശയായി ചോദിച്ചിരുന്നു. ഈ ആഗ്രഹമാണ് മമ്മൂട്ടി ചടങ്ങിൽ സാധിച്ചു കൊടുത്തത്. ആരാധകർക്ക് ഏറെ ഹൃദ്യമായ നിമിഷങ്ങളാണ് ചടങ്ങിൽ അരങ്ങേറിയത്.

Story Highlights: Rorschach making video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!