ആർആർആറിലെ ഗാനം ഓസ്കർ ചുരുക്കപ്പട്ടികയിൽ; സന്തോഷം പങ്കുവെച്ച് രാം ചരൺ
ഭാഷയുടെയും ദേശങ്ങളുടെയും അതിരുകൾ ഭേദിച്ച വമ്പൻ വിജയമാണ് ‘ആർആർആർ’ നേടിയത്. കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറുകയായിരുന്നു രാജമൗലിയുടെ ‘ആർആർആർ.’ ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ലോകമെങ്ങുമുള്ള സിനിമ ആരാധകർ വലിയ ആവേശത്തോടെയാണ് ‘ആർആർആർ’ എന്ന ചിത്രത്തിനായി കാത്തിരുന്നത്. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ മറ്റൊരു വലിയ നേട്ടമാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആർആർആർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ “നാട്ടു നാട്ടു.” എന്ന ഗാനമാണ് പട്ടികയിൽ സ്ഥാനം നേടിയത്. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് ഗാനം ചുരുക്ക പട്ടികയിൽ എത്തിയിരിക്കുന്നത്.
ചിത്രത്തിലെ നായകനായ രാം ചരൺ ഈ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. “മൊത്തം ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യൻ ഗാനമാവുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം”- രാം ചരൺ കുറിച്ചു.
What a historic moment for the entire Indian Film Industry… Couldn’t be more honoured to note that #NaatuNaatu becomes the first Indian song to be shortlisted for the Academy Awards! @ssrajamouli garu and @mmkeeravaani garu, it’s all your vision and magic..🙏❤️ #RRRForOscars pic.twitter.com/hdJuce16Zl
— Ram Charan (@AlwaysRamCharan) December 22, 2022
അതേ സമയം റിലീസ് ചെയ്തപ്പോൾ മുതൽ തിയേറ്ററുകളിൽ തരംഗമായി മാറിയ ആർആർആർ 1000 കോടി ക്ലബ്ബിൽ കയറിയത് വലിയ വാർത്തയായിരുന്നു. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ദംഗലിനും ബാഹുബലിക്കും ശേഷം 1000 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു ‘ആർആർആർ.’ ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് ആർആർആറിന്റെ സ്ഥാനം.
Story Highlights: RRR song in oscar short list