കൊവിഡ് വ്യാപനം; ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം
ലോകമെങ്ങും ക്രിസ്മസ് ദിവസത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. ഒത്തുകൂടലിന്റെയും ആഘോഷങ്ങളുടെയും ദിവസങ്ങളിൽ അൽപം കരുതലും ജാഗ്രതയും ആവാം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ തൽക്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി. കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്നത് കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ കൊവിഡ് മുന്നൊരുക്കം നിരീക്ഷിക്കുന്നതിനായി ഡിസംബർ 27 ന് ഇന്ത്യയിലുടനീളം മോക്ക് ഡ്രില്ലുകൾ നടത്തും. മാസ്കും സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
Read More: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശം നൽകുമെന്നാണ് സൂചന. ചൈനയിൽ നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമാവുന്ന ഒമിക്രോൺ വകഭേദമായ ബി എഫ്. 7 ഇന്ത്യയിൽ നാലുപേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൊവിഡ് ജാഗ്രത കർശനമാക്കിയത്. ഇവർ നാലുപേരും രോഗമുക്തി നേടിയിരുന്നു.
Story Highlights: RT-PCR test strict for passengers from these countries