നാഗവല്ലിയും രാമനാഥനും തെന്നിവീഴാഞ്ഞത് തന്നെ ഭാഗ്യം..- മണിച്ചിത്രത്താഴിലെ രഹസ്യം പങ്കുവെച്ച് ശോഭന; വിഡിയോ
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശോഭന. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ നിറഞ്ഞുനിന്ന ശോഭന, നൃത്തരംഗത്തുനിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ മരുമകളാണ് ശോഭന. ഇവർ എല്ലാവരും ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ടവരാണ്. 5 ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടേതായി എക്കാലത്തും ആളുകൾ ഹൃദയത്തോട് ചേർത്തുനിർത്തുന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി.
വർഷമേറെ കഴിഞ്ഞിട്ടും മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ് നടി. ഒരു മുറൈയിൽ വന്ത് പാർത്തായ എന്ന ഗാനരംഗത്തിൽ എല്ലാവരും ഡാൻസർ ശ്രീധറിന്റെയും ശോഭനയുടെയും മികവിനൊപ്പം ശ്രദ്ധിച്ചത് അവർ നൃത്തം ചെയ്യുന്ന നവരാത്രി മണ്ഡപത്തിന്റെ ഫ്ലോറിന്റെ തിളക്കമാണ്. കറുത്ത തറയിൽ നർത്തകരുടെ പ്രതിഫലനംപോലും ഉണ്ടായിരുന്നു. അതിനുപിന്നിൽ രഹസ്യമാണ് ശോഭന പങ്കുവയ്ക്കുന്നത്.
തറയിൽ യഥാർത്ഥത്തിൽ എണ്ണ തേച്ചിരുന്നു എന്നാണ് നടി പറയുന്നത്. വളരെ റിസ്ക് ആയിരുന്നു അവിടെ നൃത്തം ചെയ്യാൻ എന്നും നടി പറയുന്നു. അഭിനേത്രിയും നർത്തകിയുമായ ശോഭന തന്റെ കരിയറിൽ ഏറ്റവും പ്രശംസ നേടിയ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മുൻപും ചിത്രവുമായി ബന്ധപ്പെട്ട ഓർമ്മകൾ നടി പങ്കുവെച്ചിരുന്നു. ‘വരുവാനില്ലാരുമീ’ എന്ന ഗാനത്തിന്റെ മനോഹാരിതയെക്കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്. ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ‘ഒരുമുറൈ’യ്ക്ക് ശേഷം ‘പഴംതമിഴ്’ ആണെന്നും എന്നാൽ, സിനിമ വീണ്ടും കണ്ടതോടെ ‘വരുവാനില്ലാരുമീ’ എന്ന ഗാനത്തിൽ മയങ്ങിപോയെന്നും ശോഭന കുറിക്കുന്നു.
Read Also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ
ഫാസിൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ‘മണിച്ചിത്രത്താഴ്’ പുറത്തിറങ്ങി 28 വർഷങ്ങൾ പിന്നിട്ടിട്ടും ആരാധകരുടെ പ്രിയം നേടുകയാണ്. കൗതുകമുണർത്തുന്ന ഇതിവൃത്തം, താരനിര, അസാധാരണമായ പ്രകടനങ്ങൾ, സംഗീതം എന്നിവയെല്ലാം ചേർന്ന ഒരു മാസ്റ്റർപീസ് ആയിരുന്നു ഇത്.
Story highlights- shobhana about manichithrathazhu mystery