“കാണാൻ നല്ല കിനാവുകൾ..”; ജാനകിയമ്മയുടെ പാട്ടുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രിഥക്കുട്ടി
മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലുണ്ട്. ഇവരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് ശ്രിഥ.
ഇപ്പോൾ ശ്രിഥയുടെ ഒരു പ്രകടനമാണ് ശ്രദ്ധേയമാവുന്നത്. മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച “കാണാൻ നല്ല കിനാവുകൾ..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ ആലപിച്ചത്. ‘ഭാര്യ’ എന്ന ചിത്രത്തിലെ ഗാനമാണിത്. വയലാർ രാമവർമ്മ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണമിട്ട ഈ ഗാനം പ്രിയ ഗായിക ജാനകിയമ്മയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന് കൂടിയാണ്.
അതേ സമയം ബാല്യത്തിലെ വലിയ ദുരിതങ്ങൾ അതിജീവിച്ച കുഞ്ഞു ഗായികയാണ് ശ്രിഥക്കുട്ടി. ശ്രിഥയുടെ അമ്മയാണ് മകളുടെ ദുരിതകഥയെക്കുറിച്ച് പങ്കുവെച്ചത്. പെൺകുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞ് മൂന്നു വയസുവരെ ഒരു കോണ്ടാക്റ്റും ഇല്ലാതെ അച്ഛൻ പോയി. ഇപ്പോൾ അമ്മയും മകളും മാത്രമാണ് ഉള്ളത്. പരസ്പരം താങ്ങും തണലുമായി ഇരുവരും മുന്നോട്ട് പോകുന്നു. സഹായിക്കാൻ കനിവുള്ള ബന്ധുക്കൾ ഉണ്ടെന്നും ശ്രിഥയുടെ അമ്മ കൂട്ടിച്ചേർത്തു. ജനനസമയത്ത് വളരെ തൂക്കം കുറഞ്ഞിരുന്ന ശ്രിഥ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു. ഭാവിയിൽ സംസാരിക്കാൻ സാധിക്കുമോ എന്ന് ഡോക്ടർമാർ സംശയവും പറഞ്ഞിരുന്നു. ഒട്ടേറെ ദുരിതങ്ങൾ മകൾ ഇതിനോടകം അതിജീവിച്ചുകഴിഞ്ഞു എന്ന് പറയുകയാണ് ഗായികയുടെ അമ്മ. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പാട്ടുവേദിയിലെ മിടുക്കിയായി മാറിയിരിക്കുകയാണ് ശ്രിഥക്കുട്ടി.
Story Highlights: Sridha sings an evergreen janakiyamma song