“ഈ സിനിമയുടെ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ തട്ടും..”; വമ്പൻ മേക്കോവറിൽ ടൊവിനോ, ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമാവുന്നു

December 28, 2022

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ. മാസ് സിനിമകളിലും കലാമൂല്യമുള്ള സമാന്തര സിനിമകളിലും ഒരേ പോലെ അഭിനയിക്കാൻ താൽപര്യപ്പെടുന്ന നടൻ കൂടിയാണ് ടൊവിനോ. ഓരോ സിനിമയിലും സ്വയം മെച്ചപ്പെടുത്തി ഒരു മികച്ച നടനായി മാറാനും താരം വലിയ ശ്രമങ്ങൾ നടത്താറുണ്ട്.

ഇപ്പോൾ ടൊവിനോയുടെ ഒരു വമ്പൻ മേക്കോവറാണ് ശ്രദ്ധേയമായി മാറുന്നത്. പ്രശസ്‌ത സംവിധായകൻ ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യജാലകം’ എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ മേക്കോവറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഏറെ ശ്രദ്ധേയമായ ഒരു കുറിപ്പും ടൊവിനോ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന പേരില്ലാത്ത ഒരുപാട് പേരെ സര്‍റിയലിസത്തില്‍ വേരൂന്നിയ ഈ സിനിമ പ്രതിനിധീകരിക്കുന്നുവെന്നും ചിത്രത്തിലെ സാമൂഹിക പ്രസക്തിയുള്ള സന്ദേശം ഉള്ളിൽ തട്ടുന്നതും ചിന്തിപ്പിക്കുന്നതുമാണെന്നാണ് ടൊവിനോ കുറിച്ചത്.

Read More: “നന്ദി അളിയാ..എന്റെ കണ്ണ് നിറഞ്ഞു..”; ടൊവിനോയുടെ അഭിനന്ദനത്തിന് ബേസിലിന്റെ മറുപടി

അതേ സമയം ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ബേസിൽ ജോസഫിനെ അഭിനന്ദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ടൊവിനോ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. “ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തിൽ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിലിന്റേത്. ഒരു പക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക !!” -ബേസിലുമൊത്തുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചു.

Story Highlights: Tovino makeover goes viral