“ഞാൻ എന്റെ ബാഹുബലിയെ കാണിച്ചു തരും..”; ഉണ്ണി മുകുന്ദന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു, ‘മാളികപ്പുറം’ നാളെ തിയേറ്ററുകളിലേക്ക്
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാളികപ്പുറം’ നാളെ റിലീസ് ചെയ്യുകയാണ്. കല്യാണി എന്ന എട്ട് വയസ്സുകാരിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും കുറിപ്പുകളും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഒരു ചിത്രത്തിന്റെ താഴെ വന്ന ഒരു ആരാധകന്റെ കമന്റും അതിന് ഉണ്ണി നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാവുന്നത്. ബാഹുബലി പോലെയൊരു കഥാപാത്രം പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകൻ കുറിച്ചത്. ഡിസംബർ 30 ന് ഞാനെന്റെ ബാഹുബലിയെ സ്ക്രീനിൽ കാണിച്ചു തരുമെന്നാണ് ഉണ്ണി മുകുന്ദൻ മറുപടിയായി കുറിച്ചത്. അതേ സമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്
നമസ്കാരം, മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോൾ എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങൾക്കരികിലേക്കെത്താൻ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങൾ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.
ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു. ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിർമാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലർക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങൾ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.
Read More: സ്വന്തം ട്രോളുകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ഹണി റോസ്; ഹ്യൂമര്സെന്സിനെ അഭിനന്ദിച്ച് ആരാധകർ
ഒരു കാര്യത്തിൽ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാൻ ഗ്യാരന്റി. ഞങ്ങൾക്കൊപ്പവും, ഞങ്ങൾക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം. എന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകൾ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സൂപ്പർഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം.
Story Highlights: Unni mukundan reply to fan goes viral