“തീ ഇത് ദളപതി..”; വരിശിൽ വിജയ്ക്ക് വേണ്ടി സിമ്പു ആലപിച്ച ഗാനം ഏറ്റെടുത്ത് ആരാധകർ

December 4, 2022

വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് നടൻ വിജയ്. സൂപ്പർ താരത്തിന്റേതായി ഇനി പുറത്തു വരാണുള്ളതെല്ലാം പ്രതീക്ഷ നൽകുന്ന സിനിമകളാണ്. വംശി പൈഡിപ്പള്ളിയുടെ വരിശാണ് ഇതിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. “തീ ഇത് ദളപതി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം സിമ്പുവാണ്. ഗാനം ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.

വരിശിന് ശേഷം ലോകേഷ് കനകരാജിന്റെ ദളപതി 67 ലാണ് വിജയ് അഭിനയിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്. ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ തല അജിത്തിനൊപ്പം അർജുൻ അഭിനയിച്ച മങ്കാത്ത വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിനാൽ തന്നെ അർജുൻ വിജയിയുമായി കൈകോർക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അതൊരു ലോകേഷ് കനകരാജ് ചിത്രത്തിലാവുമ്പോൾ തിയേറ്ററുകളിൽ ഉത്സവമായിരിക്കുമെന്ന കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമില്ല.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

അതേ സമയം വമ്പൻ ഹിറ്റായ വിക്രത്തിന് ശേഷമാണ് ലോകേഷ് ദളപതി 67 സംവിധാനം ചെയ്യുന്നത്. കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’

Story Highlights: Varishu song sung by simbu